X
    Categories: keralaNews

ജലീലിന് വന്ന പാര്‍സലില്‍ 20 കിലോ സ്വര്‍ണം? തെളിവുകള്‍ പുറത്തുവിട്ട് പികെ ഫിറോസ്

കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകള്‍ സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമാണ്. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളില്‍ ഭദ്രമായുണ്ട് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത് സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തു എന്നാണ്. നേരത്തെ മന്ത്രി പറഞ്ഞതില്‍ നിന്ന് ഇതിന് വൈരുദ്ധ്യമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ പാര്‍സലുകളുടെ ഭാരത്തില്‍ വ്യത്യാസം വന്നപ്പോള്‍ അത് മറികടക്കാനാണ് ഖുര്‍ആന്റെ 24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.

തെളിവ് നശിപ്പിക്കാനായി സി ആപ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ നിരവധി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും തനിക്ക് അനുകൂലമാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വെച്ച് നോക്കുമ്പോള്‍ 20 കിലോയുടെ കുറവുണ്ട്. ഇത് സ്വര്‍ണമാണോയെന്ന് സംശയിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണം.

വിഷയത്തെ വര്‍ഗീയമായി ഉപയോഗിക്കാനാണ് കെ.ടി ജലീലും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. മതനേതാക്കളെ വിളിച്ച് ജലീല്‍ സഹായം തേടുകയാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിന് തന്നെ വേട്ടയാടുന്നു എന്നാണ് ജലീല്‍ പറയുന്നത്. ഇത് ശുദ്ധ വര്‍ഗീയ പ്രചാരണമാണ്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കളവ് പറഞ്ഞതിന്റെ ശിക്ഷയാണ് ജലീല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിടാനാണ് ജലീല്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മാധ്യമത്തിന് ചോദ്യവും ഉത്തരവും എഴുതിക്കൊടുത്ത് ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ തന്നെ ഇത്രയും പൊള്ളത്തരങ്ങള്‍ പുറത്തുവന്നു. അപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ എന്താവും അവസ്ഥയെന്നും ഫിറോസ് ചോദിച്ചു. സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഫിറോസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: