കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ഉണ്ടായ ജനവികാരം തിരിച്ച് വിടാനാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എം ജിതേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കേസെടുക്കാന്‍ യാതൊരുതലത്തിലുമുള്ള വകുപ്പുമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി സ്വാധീനം ചെലുത്തിയാണ് കേസെടുത്തതെന്ന് ഇതിലൂടെ വളരെ വ്യക്തമാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് ജനുവരി 29ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
പരാതിക്കാരനായ എം.എം ജിതേഷ് ഐ.പി.സി 308 വകുപ്പടക്കം നിരവധി കേസുകളില്‍ ജാമ്യമെടുക്കാത്ത പ്രതിയാണെന്നിരിക്കെ ഡി.ജി.പി ഓഫീസിലും പേരാമ്പ്ര പോലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ എങ്ങനെ സാധിച്ചുവെന്നത് പോലീസ് വ്യക്തമാക്കണം. പേരാമ്പ്ര പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ നാളിതുവരെയായി ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. ബാക്കിയുള്ള പതിനെട്ട് പേരെ അറസ്റ്റ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എം.വി ജയരാജന്‍ നേരിട്ട് ഇടപെട്ടത് കൊണ്ടാണ്.
മിഠായിതെരുവില്‍ പള്ളി പൊളിക്കുമെന്ന് പറഞ്ഞ ആര്‍.എസ്.എസ്സ്‌കാര്‍ക്ക് സംരക്ഷണം ഒരുക്കുകയും യൂത്ത്ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിസ്സാരകാരണങ്ങളില്‍ കള്ളക്കേസെടുക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ നല്‍കുന്ന പരാതികളില്‍ കേസെടുക്കാതിരിക്കുകയും, പിണറായി വിജയനെയോ സി.പി.എമ്മിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷണമാണ്. ഭരണകൂടത്തിന്റെ ഇത്തരം തെറ്റായ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകണമെന്നും യൂത്ത്ലീഗ് അഭ്യര്‍ത്ഥിക്കുന്നു.