X

എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്വാശ്രയമാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങുന്നു: പി.കെ ഫിറോസ്

സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സ്വാശ്രയ മാനേജ്‌മെന്റുകളാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനക്കെതിരെ എം.എസ്.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളെല്ലാം ലക്ഷങ്ങള്‍ പൊടിച്ചാണ് നടത്തുന്നത്. ഈ പണം എവിടെ നിന്നു വരുന്നതെന്ന് അന്വേഷിക്കണം. ഇതേക്കുറിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യമാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. മാനേജ്‌മെന്റുകള്‍ സമ്മതിച്ചാല്‍ ഫീസ് കുറക്കാമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. സര്‍ക്കാരിന് സ്വാശ്രയ കോളജുകളിലെ ക്ലര്‍ക്കിന്റെ പണിയാണോയെന്ന് വ്യക്തമാക്കണം. പണ്ട് ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് (എസ്.ടി) അല്‍പമൊന്ന് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്തവരാണ് എസ്.എഫ്.ഐക്കാര്‍. ഇന്ന് യാതൊരു പരിധിയുമില്ലാതെ ഫീസ് വര്‍ധിപ്പിച്ച് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കിയപ്പോള്‍ അവരെ കാണാനില്ല. വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കുന്നതുവരെ എം.എസ്.എഫ് സമരരംഗത്തുണ്ടാകുമെന്നും അതിന് യൂത്ത് ലീഗിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പി.കെ ഫിറോസ് പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളുടെ മാസപ്പടി റജിസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈല ടീച്ചറുടെയും പേരുണ്ടെന്നും അതുകൊണ്ടാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ലാത്തതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് എം.എസ്.എഫ്. സ്വാശ്രയ കോളജുകളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ച്, മാനേജ്‌മെന്റുകളെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, യൂത്ത് ലീഗ് സംസ്ഥാന നേതാക്കളായ അഡ്വ. സുള്‍ഫിക്കര്‍ സലാം, യൂസഫ് വല്ലാഞ്ചിറ, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, കെ.കെ.എ അസീസ്, കെ.ടി റഊഫ്, കെ.എം ഫവാസ്, റഷീദ് മേലാറ്റൂര്‍, കെ.സി മുഹമ്മദ്കുട്ടി, ഷാക്കിര്‍ ആഡൂര്‍, ഫായിസ് കവ്വായി, ഹാരിസ് കരമന എന്നിവര്‍ സംസാരിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. മുദ്രാവാക്യം വിളിച്ചെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചിന് സി.കെ ജനാഫ്, ലുഖ്മാന്‍ ഹഖീം, അഫ്‌സല്‍ തൃശൂര്‍, അബ്ദുല്ല കാരുവള്ളി, അംജിത് കൊല്ലം, ഹനീഫ് പത്തനംതിട്ട, ലത്തീഫ് തുറവൂര്‍, വി.പി അഹമ്മദ് സഹീര്‍, റിയാസ് കല്ലുവയല്‍, ഷജീര്‍ ഇഖ്ബാല്‍, അല്‍ റസില്‍ സഹായി, ഹിജാസ് ജമാല്‍, അസ്‌ലം കൊല്ലം, ഷഫീഖ് ബാലരാമപുരം എന്നിവര്‍ നേതൃത്വം നല്‍കി.

chandrika: