X

ഡോ. കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്

കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടക്കെതിരെയുള്ള നടപടിയിലൂടെ ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി സി.പി.എമ്മുകാര്‍ മാറിയെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ വിമര്‍ശനം.

കഫീല്‍ ഖാനെ ഓര്‍മ്മയില്ലേ?
യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍, അദ്ധേഹത്തിന്റെ സ്വന്തം തട്ടകത്തിലെ ഹോസ്പിറ്റലില്‍, കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞപ്പോള്‍ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ?
യോഗി സര്‍ക്കാറിന്റെ പിടിപ്പു കേടു മൂലം 60 കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞു പോയത്. ഈ സംഭവം പുറം ലോകമറിഞ്ഞത് കഫീല്‍ ഖാനിലൂടെയാണെന്ന് മനസ്സിലാക്കി ആ മനുഷ്യനെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടി. തോറ്റു കൊടുക്കാതെ അദ്ദേഹവും പോരാടി. അങ്ങിനെ സംഘ് പരിവാരങ്ങളുടെ കണ്ണിലെ കരടായി അദ്ദേഹം.

ആ കഫീല്‍ ഖാന്‍ ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഇത് രാജ്യ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കണ്ടു പിടുത്തം. ഇന്നലെ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് കമ്മിറ്റി (HDC) യോഗം ചേര്‍ന്നപ്പോള്‍ ഈ പരിപാടിയെ കുറിച്ചന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. കേട്ടപാതി ഇതേ കുറിച്ചന്വേഷിക്കണമെന്ന് സമിതിയിലെ അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്‍ മാസ്റ്ററും ആവശ്യപ്പെട്ടത്രേ! കേസ് അന്വേഷിക്കാന്‍ കോഴിക്കാട് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു! ബലേ ഭേഷ്

കഫീല്‍ ഖാനെതിരെ ബി.ജെ.പി അന്വേഷണം ആവശ്യപ്പെടുന്നു. സി.പി.എം പിന്തുണക്കുന്നു. മൈതാന പ്രസംഗങ്ങളില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസ്സിനെതിരെ ആഞ്ഞടിക്കുന്നു. വാചകക്കസര്‍ത്തല്ല നിലപാടാണ് വേണ്ടത്. ബി.ജെ.പിയുടെ ആരോപണത്തിന് കയ്യൊപ്പ് ചാര്‍ത്തുന്നവരായി മാറി സി.പി.എമ്മുകാര്‍. പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും നിങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര ഇപ്പോഴും എപ്പോഴും സജീവം തന്നെയാണ് സഖോ…

അതേസമയം ഡോ. കഫീല്‍ ഖാന്‍ വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ആസ്പത്രി വികസന സമിതി അംഗം എം.എ റസാഖ് മാസ്റ്ററും പറഞ്ഞു. പത്ത് മാസം മുന്‍പ് നടന്ന സുതാര്യമായ ഒരു പൊതുപരിപാടിയില്‍ രാജ്യവിരുദ്ധ പരാമര്‍ശമുണ്ടായെന്ന് ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ഇക്കാര്യം വികസന സമിതി യോഗത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ബി.ജെ.പിയുടെ ആവശ്യത്തെ പിന്താങ്ങുകയാണ് സി.പി.എം പ്രതിനിധി ചെയ്തത് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംഘ്പരിവാര്‍ ചാനലായ ജനം ടി.വിയില്‍ കഫീല്‍ ഖാനൊപ്പം മെഡിക്കല്‍ കോളജിലെ ഒരു അധ്യാപകനെയും ചേര്‍ത്ത് വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിക്കുകയാണുണ്ടായത്. ബി.ജെ.പിയുടെ നയങ്ങള്‍ക്ക് പിന്തുണ നല്‍കിയതോടെ സി.പി.എം തങ്ങളുടെ സംഘ്പരിവാര്‍ ബന്ധം കൂടുതല്‍ ശക്തമാക്കിയിരിക്കുയാണെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു. പ്രചരിച്ച വ്യാജവാര്‍ത്തയെ തിരുത്തുന്ന തരത്തില്‍ കോളജ് ഭരണസമിതി കൈക്കൊള്ളാത്തതുകൊണ്ട് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ പി.ജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, സി.പി.എം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ, ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ആശുപത്രി വികസന സമിതി യോഗ മിനുട്‌സിലെ വിവാദ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നും അനാവശ്യ വിവാദങ്ങളില്‍ നിന്നും പിന്‍മാറണമെന്നും എം.എ റസാഖ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.

chandrika: