X

‘സംഘപരിവാറിന്റെ തറവാട്ട് വകയാണോ ഇന്ത്യന്‍ സൈന്യം?’; കുമ്മനത്തെ വിമര്‍ശിച്ച് പി.കെ ഫിറോസ്

തിരുവനന്തപുരം: സൈന്യം ഉള്‍പ്പെടെ ജനാധിപത്യ ഇന്ത്യയുടെ ഏതൊരു സംവിധാനത്തെയും വിമര്‍ശിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എ.കെ.ജി ഭവനില്‍ ഇന്നലെ നടന്ന കയ്യേറ്റശ്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിച്ച് കുമ്മനം നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അക്രമത്തെ ന്യായീകരിക്കുന്നതാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. സൈന്യത്തെ വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളാണ് കയ്യേറ്റത്തിനു കാരണമെന്നാണ് കുമ്മനം കഴിഞ്ഞ ദിവസം പറഞ്ഞത്. സൈന്യത്തെ വിമര്‍ശിച്ചാല്‍ ആക്രമിക്കപ്പെടുമെന്നാണ് ഇത് നല്‍കുന്ന സൂചന. രാജ്യത്തെ ഏതൊരു സംവിധാനത്തെയും വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സൈന്യത്തെ വിമര്‍ശിക്കരുതെന്ന് പറയാന്‍ ഇന്ത്യന്‍ സൈന്യം സംഘ്പരിവാറിന്റെ തറവാട്ട് വകയാണോ? ഒരോ ഭാരതീയന്റെയും സ്വത്താണ് ഇന്ത്യന്‍ സൈന്യം. ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അവയെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ഓരോ ഇന്ത്യാക്കാരനും അവകാശമുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത വിഴുപ്പുമായി നടക്കുന്നവര്‍ ഇപ്പോള്‍ ഓരോന്നും സ്വന്തമാക്കാനുള്ള വെപ്രാളത്തിലാണ്. അത് കൊണ്ടാണവര്‍ ദേശീയതയെ കുറിച്ച് വാചാലമാവുന്നത്. അത് കൊണ്ടുമാത്രമാണവര്‍ സൈന്യത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. കുമ്മനത്തിന്റെ പ്രസ്താവനയില്‍ പിന്നീട് പറയുന്നത് അക്രമത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്നാണ്. അല്ലെങ്കിലും ഏത് അക്രമത്തിന്റെ ഉത്തരവാദിത്തമാണ് ആര്‍എസ്എസ് ഏറ്റെടുത്തതെന്നും പി.കെ ഫിറോസ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സീതാറാം യച്ചൂരിക്ക് നേരെയുള്ള അക്രമത്തെ അപലപിച്ചു കൊണ്ട് ശ്രീ.കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അക്രമത്തെ ന്യായീകരിക്കുന്നതാണ്. സി.പി.എം നേതാക്കള്‍ സൈന്യത്തെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് കയ്യേറ്റത്തിനു കാരണമെന്നാണ് കുമ്മനത്തിന്റെ കണ്ടെത്തല്‍. സൈന്യത്തെ വിമര്‍ശിച്ചാല്‍ അക്രമിക്കപ്പെടും എന്നതാണ് സൂചന. സൈന്യത്തെ വിമര്‍ശിക്കരുതെന്ന് പറയാന്‍ സംഘ് പരിവാറിന്റെ തറവാട്ട് വകയുള്ളതാണോ ഇന്ത്യന്‍ സൈന്യം?
ഇന്ത്യന്‍ സൈന്യം ഓരോ ഭാരതീയന്റെയും സ്വത്താണ് അത് ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ വിമര്‍ശിക്കുകയും നേര്‍വഴിക്ക് കൊണ്ടുവരികയും ചെയ്യാന്‍ ഓരോ ഇന്‍ഡ്യാക്കാരനും അവകാശമുണ്ട്.
മാത്രമല്ല ഇന്ത്യയിലെ ഏത് സംവിധാനത്തേയും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത വിഴുപ്പുമായി നടക്കുന്നവര്‍ ഇപ്പോള്‍ ഓരോന്നും സ്വന്തമാക്കാനുള്ള വെപ്രാളത്തിലാണ്. അത് കൊണ്ടാണവര്‍ ദേശീയതയെ കുറിച്ച് വാചാലമാവുന്നത്. അത് കൊണ്ട് മാത്രമാണവര്‍ സൈന്യത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
പ്രസ്താവനയില്‍ പിന്നീട് പറയുന്നത് അക്രമത്തില്‍ ആര്‍.എസ്.എസിനു പങ്കില്ല എന്നാണ്. അല്ലെങ്കിലും ആര്‍.എസ്.എസ് നടത്തിയ ഏത് അക്രമമാണ് അവര്‍ ഏറ്റെടുത്തിട്ടുള്ളത്? ഐ.എസില്‍ നിന്നും ആര്‍.എസ്.എസിനെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം ഇത് മാത്രമാണ്.

chandrika: