പി.കെ ഫിറോസ്
ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ ‘നോമ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ചത് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത് തല്ലിയവരുടെ കൂട്ടത്തില്‍ നോമ്പുകാരായ പോലീസുമുണ്ടായിരുന്നു എന്നതാണ്. ഒരു പാവം മനുഷ്യന്റെ കവിളെല്ല് അടിച്ചു പൊട്ടിച്ചിട്ട് നോമ്പുകാര്‍ക്കുണ്ടാവേണ്ട സഹന ശക്തിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന മന്ത്രിയുടെ തൊലിക്കട്ടിയെ അപാരം എന്നേ വിശേഷിപ്പിക്കാനാവൂ. ഒപ്പം ഒരു കാര്യം കൂടി സമര്‍ത്ഥമായി അദ്ധേഹം ഒളിച്ചു കടത്തുന്നുണ്ട്. കമ്യൂണിസ്റ്റ് കാപാലികരാല്‍ കൊല്ലപ്പെട്ട ശുക്കൂറിന്റെയും ഫസലിന്റെയും ശുഹൈബിന്റെയും മതം പറയുന്നത് മഹാപാപമാണത്രേ! ഭാഗ്യത്തിന് കൊന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളും ഉണ്ടായിരുന്നു എന്ന ന്യായം പറഞ്ഞിട്ടില്ല!!
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയോ ആദിവാസിദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയോ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടായാലോ അവര്‍ കൊല ചെയ്യപ്പെട്ടാലോ അവരുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് പ്രതിഷേധമുയര്‍ത്തേണ്ടത് എന്ന കാര്യം ജലീലിന് അറിയാത്തത് കൊണ്ടാണോ, അതോ ദീര്‍ഘകാലം സ്വത്വരാഷ്ട്രീയ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിച്ചതിനു ശേഷം അധികാരത്തിന്റെ അപ്പക്കഷ്ണം നുകരാന്‍ വേണ്ടി മാത്രം മറ്റൊരു പാളയത്തിലേക്ക് ചേക്കേറിയത് കൊണ്ട് മനപ്പൂര്‍വ്വം മറന്നതാണോ? ഒരു ഭാഗത്ത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുകയും, സംഘ് പരിവാറുകളാല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ഡല്‍ഹി വരെ ചെന്ന് സങ്കടമറിയിക്കാന്‍ വരെ താല്‍പ്പര്യം കാണിക്കുകയും ചെയ്ത മുഖ്യന്റെ പാര്‍ട്ടി ഇവിടെ അതേ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ കൊന്നു തള്ളുകയും ചെയ്യുമ്പോള്‍ പിന്നെന്താണ് സര്‍ പറയേണ്ടത്?
യു.ഡി.എഫിന്റെ ഭരണ കാലത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു എന്നാണ് പിന്നെയുള്ള വെളിപ്പെടുത്തല്‍. ആ കണക്ക് അവിടെ നില്‍ക്കട്ടെ! ഇവിടെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് പലപ്പോഴും തിരി കൊളുത്തിയത് ആരാണ്? ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ പോയ ഇന്നോവ കാറിന്റെ പുറത്ത് മാഷാ അള്ളാഹ് എന്ന സിറ്റക്കറൊട്ടിച്ചത് എന്തിനായിരുന്നു സര്‍? കൊല നടത്തിയതിനു ശേഷം മുസ്‌ലിം തീവ്രവാദികളാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു സര്‍?
തലശ്ശേരിയിലെ ഫസലിനെ കൊന്ന് തള്ളിയതിനു ശേഷം രക്തത്തുള്ളികള്‍ ഒരു ടവ്വലിലാക്കി ആര്‍. എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ചത് ആരായിരുന്നു? നാദാപുരത്ത് രാഷ്ട്രീയ കാരണങ്ങളാലല്ലാതെ ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരമെന്നോണം കൊലപാതകികളുടെ മതം നോക്കി, ആ മതത്തില്‍പെട്ട ഒരു പ്രദേശത്തെ മുഴുവനാളുകളെയും കൊള്ളയടിച്ചത് ഏത് മതേതരത്വ പ്രവര്‍ത്തനമായിരുന്നു സര്‍? സ്വന്തം പാര്‍ട്ടിയില്‍ പെട്ട ഇത്തരക്കാരെ മതേതരത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചിട്ട് പോരേ ആരുടെ ഭരണകാലത്താണ് വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത് എന്ന കണക്ക് പരിശോധിക്കാന്‍?
ഭരണത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ മുട്ടിനു മുട്ടിനു നിങ്ങള്‍ ഉപയോഗിക്കുന്ന സംഘടനകളുടെ പേരാണല്ലോ എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും. ഈ സംഘടനകളോട് നിങ്ങളുടെ പാര്‍ട്ടിക്കുള്ള എതിര്‍പ്പില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടോ? മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലീഗിനെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രം എത്ര പഞ്ചായത്തിലാണ്, താങ്കളിപ്പോള്‍ ഓരം പറ്റി നില്‍ക്കുന്ന പാര്‍ട്ടി അവരുമായി സഖ്യമുണ്ടാക്കിയത്! അതറിയാന്‍ തദ്ധേശ മന്ത്രിയുടെ അധികാരമൊന്നും ഉപയോഗപ്പെടുത്തേണ്ടതില്ലല്ലോ!! ആ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ ചങ്കൂറ്റം കാണിച്ചിട്ടു പോരേ ഇത്തരം ഗീര്‍വാണ പ്രസ്താവനകള്‍?
‘
പിന്‍കുറിപ്പ്: ഒന്നരക്കിലോ ബീഫും വരട്ടി ന്യൂനപക്ഷ സംരക്ഷണവും അവകാശപ്പെട്ട് ഇനിയും വരണേ, ഇതു വഴിയേ….