കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്‌ലിം യൂത്ത് ലീഗ്. തളിപ്പറമ്പ് എം.എല്‍.എയും സി.പി.എം നേതാവുമായ ജെയിംസ് മാത്യു ഡി.എസ് നീലകണ്ഠന്റെ നിയമനത്തിനെതിരെ സ്വന്തം ലെറ്റര്‍ പാഡില്‍ മന്ത്രി എ.സി മൊയ്തീന് മൂന്നു മാസം മുമ്പ് എഴുതിയ കത്താണ് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.
സി.പി.എമ്മിനെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തെളിവുകള്‍ പുറത്തായതോടെ ബന്ധു നിയമനം സി.പി.എമ്മിനകത്ത് നീറിപ്പുകയുന്നതും കലഹത്തിലേക്ക് എത്തുന്നതുമാണ് മറനീക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അനധികൃത നിയമനം നടന്നത്. ലക്ഷം രൂപ ശമ്പളം നല്‍കി അഞ്ചു വര്ഷത്തേക്കായിരുന്നു കരാര്‍ നിയമനം. ജെയിംസ് മാത്യു എം.എല്‍.എ ഇതു സംബന്ധിച്ച് ഡിസംബര്‍ അഞ്ചിന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.
നിയമ വിരുദ്ധനീക്കങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയപ്പോള്‍ പി.കെ ഫിറോസിന് ഭ്രാന്താണെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്. യൂത്ത് ലീഗ് രേഖകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായി ശരിവെച്ചും മന്ത്രി ചെയര്‍മാനായ ഐ.കെ.എം എക്‌സിക്യൂടീവ് പോലും അറിയാതെയാണ് ഉത്തരവിനും മുമ്പുള്ള നിയമനമെന്നും ജെയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സി.പി.എം എം.എല്‍.എക്കും ഭ്രാന്തുണ്ടോ.
എം.എല്‍.എയുടെ പരാതിയുടെ പുറത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി അഭിപ്രായം അറിയിക്കണമെന്ന് കുറിപ്പെഴുതിയ മന്ത്രി പരാതി അട്ടിമറിച്ചത് നിസാരമല്ല. മന്ത്രിയെയും എം.എല്‍.എയെയും നിയന്ത്രിക്കാവുന്ന ശക്തിയുള്ള കോടിയേരിയാണ് ഈ അനധികൃത നിയമനത്തിന് പിന്നില്‍. പാര്‍ട്ടിയിലെ വിഭാഗീയതയാണ് എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിക്കു പിന്നിലെന്നാണ് സംശയം. ഡി.എസ് നീലകണ്ഠനെതിരേ ഇതുവരെയും നടപടി എടുക്കാത്തത് അയാള്‍ക്ക് കോടിയേരി ബാലകൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണ്. അല്ലെങ്കില്‍ എം.എല്‍.എയെ തള്ളിപ്പറയാന്‍ മന്ത്രി എ.സി മൊയ്തീനും കോടിയേരിയും തയ്യാറാവണം.
ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടുണ്ട്. പക്ഷെ അതൊന്നും പാലിക്കാതെ നിയമനം നടത്തിയെന്നും ഒരു ലക്ഷം രൂപ ശമ്പളവും 10 ശതമാനം ഇന്‍ഗ്രിമെന്റ് അടക്കം വന്‍ തുക ഡി.എസ് നീലകണ്ഠന്‍ കൈപ്പറ്റിയെന്നുമാണ് ജയിംസ് മാത്യു മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധുനിയമനം നടത്തിയത് തെളിഞ്ഞിട്ടും കെ.ടി ജലീല്‍ രാജിവെക്കാത്തതിനു കാരണം ഈ കേസിലെ കോടിയേരിയുടെ താല്‍പര്യമാണെന്ന് യൂത്ത്‌ലീഗ് നേരത്തെ ആരോപിച്ചത് കൂടുതല്‍ വ്യക്തമാകുന്നതായും ഫിറോസ് പറഞ്ഞു.
പത്തു ശതമാനം ഇന്‍ഗ്രിമെന്റ് എന്ന ഇ.കെ.എമ്മിലെ വിവേചനം വിവാദമായപ്പോള്‍ അതു ശമ്പള വര്‍ധനവാക്കി തിരുത്തിയതിന്റെ രേഖകളും ഫിറോസ് പുറത്തു വിട്ടു. മന്ത്രി കെ.ടി ജലീലിനെതിരായ ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങളെ മുഖവിലക്കെടുക്കാനോ തെറ്റു ചെയ്തതായി ബോധ്യമായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങാനും നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതായും നിയമ പോരാട്ടം ഉടന്‍ ആരംഭിക്കുമെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.