കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് ഖുര്‍ആനെ വലിച്ചിട്ട് വിവാദമാക്കിയത് കെ.എം ഷാജിയാണെന്ന സിപിഎം പ്രചാരണത്തിന് തെളിവുകള്‍ നിരത്തി മറുപടി പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ഫിറോസ് സിപിഎമ്മിന്റെ കള്ളപ്രചാരണം പൊളിച്ചടുക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ കളവുകള്‍ മറക്കാന്‍ ഖുര്‍ആനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു. കെ.എം ഷാജിയാണ് ആദ്യമായി ഖുര്‍ആനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് എന്ന സിപിഎം പ്രതിനിധിയായ ശംസീറിന്റെ വാദങ്ങളെയാണ് ഫിറോസ് തെളിവുകള്‍ നിരത്തി ഖണ്ഡിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു. ഓഗസ്റ്റ് 29ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ഈ പരാമര്‍ശം നടത്തിയത്. യുഎഇയുമായുള്ള ബന്ധം തകര്‍ക്കരുതെന്ന് പറഞ്ഞ് യുഎഇയെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നതും ജലീലാണ്. നേരത്തെ ബന്ധുനിയമനം, മാര്‍ക്ക് ദാനം തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ജലീല്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.
ഇതിനെക്കുറിച്ച് അവതാരകന്‍ ആവര്‍ത്തിച്ച ചോദിച്ചെങ്കിലും സിപിഎം പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത എ.എന്‍ ശംസീറിന് മറുപടിയുണ്ടായില്ല. ഫിറോസ് വെറുതെ ആരോപണങ്ങളുന്നയിക്കുന്ന ആളാണ് എന്ന് പറഞ്ഞൊഴിയാനാണ് ശംസീര്‍ ശ്രമിച്ചത്. എന്നാല്‍ ഫിറോസ് നേരത്തെ ഉന്നയിച്ച ബന്ധുനിയമനം, മലയാളം സര്‍വകലാശാലയുടെ ഭൂമി ഇടപാടിലെ അഴിമതി, ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് മാഫിയാ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോവും ശംസീറിന് ഉത്തരമുണ്ടായില്ല. പതിവ് പോലെ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് ശംസീര്‍ ശ്രമിച്ചത്.