X
    Categories: CultureMoreNewsViews

ബന്ധുനിയമനം: കെ.ടി ജലീലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗിന്റെ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നാണ് ജലീല്‍ പറയുന്നത്. ജലീല്‍ നടത്തിയത് ബന്ധുനിയമനമാണെന്ന് തെളിയിക്കാന്‍ താന്‍ തയ്യാറാണ്. ജലീല്‍ പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് ചാനലുകള്‍ക്ക് മുന്നില്‍ പരസ്യ സംവാദത്തിന് താന്‍ വരാം. ജലീല്‍ തയ്യാറുണ്ടോയെന്ന് ഫിറോസ് ചോദിച്ചു.

ബ്രണ്ണന്‍ കോളേജില്‍ ആര്‍.എസ്.എസുകാരന്റെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് കെ.ടി ജലീലിനെ ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു. ‘മന്ത്രി ജലീലിന്റെ ബന്ധു നിയമനം സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ പുറത്ത് വിട്ടിട്ട് നാളുകളായി. ഓരോ ദിവസവും അതിനെ സാധൂകരിക്കുന്ന പുതിയ തെളിവുകളും പുറത്ത് വന്നു. ബ്രണ്ണന്‍ കോളേജിലെ വടിവാളിനെ വരെ പേടിക്കാത്തവര്‍ ഈ അഴിമതിക്കാരനെ കാണുമ്പോള്‍ തല താഴ്ത്തുന്നു. ഇടതു പക്ഷക്കാരെ ചര്‍ച്ചക്ക് വിളിച്ചാല്‍ ആ വഴിക്കൊന്നും വരുന്നില്ലെന്ന് ചാനല്‍ അവതാരകര്‍ പറയുന്നു. ഒരു കരിയില ഇളകിയാല്‍ പോലും പോസ്റ്റിടുന്ന പല ഫെയിസ് ബുക്ക് പുലികളും ഇക്കാര്യം കണ്ടതായേ നടിക്കുന്നില്ല.

അവരെയൊക്കെ നമുക്ക് വെളിച്ചത്ത് കൊണ്ടു വരണ്ടേ?
‘സെലക്റ്റീവ് റെസ്‌പോണ്‍സ് ‘ ശരിയല്ലെന്ന് നമുക്കവരെ ബോധ്യപ്പെടുത്തണ്ടേ?

അവര്‍ ആരാണെന്ന്, നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടവരെ ഇവിടെ ഒന്ന് പറയാമോ?’-ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: