കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ ബിജെപി ചാനലിന്റെ എഡിറ്റര്‍ കൂടി ഉള്‍പെട്ടിട്ടുള്ളതിനാല്‍ ഇനി കൂടുതല്‍ ജാഗ്രത വേണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനു പിന്നാലെ ജനം ടിവിയുടെ എഡിറ്റര്‍ അനില്‍ നമ്പ്യാരുമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫിറോസിന്റെ പ്രസ്താവന.
കേസില്‍ ബിജെപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തിയാല്‍ കേന്ദ്രവും കേരളവും ഭായിഭായി കളിച്ച് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന ആശങ്കയും ഫിറോസ് പ്രകടിപ്പിച്ചു. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഇനിയുണ്ടാവേണ്ടത്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത എല്ലാവരും അഴിയെണ്ണട്ടെയെന്നും പികെ ഫിറോസ് പറഞ്ഞു.
അതേസമയം കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ രക്ഷപ്പെടാമെന്ന് ജനം ടി വി എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്ന് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം കണ്ടെടുത്ത ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുമായി കസ്റ്റംസ് ഒത്തുനോക്കിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.