ആലുവ: ബന്ധു നിയമന വിവാദത്തില്‍ ഗുരുതരമായ കുറ്റം ചെയ്തതു കൊണ്ടാണ് മന്ത്രി കെ.ടി ജലീല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് ഒളിച്ചോടുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംസ്ഥാന പരിശീലന ക്യാമ്പിലെത്തിയ പി.കെ ഫിറോസ് വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വജനപക്ഷപാതം നടത്തി സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് അനര്‍ഹനായ ബന്ധുവിനെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ച കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായി പറയുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും നിരവധി തവണ വാര്‍ത്താ സമ്മേളനം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ പ്രക്ഷോഭത്തിലാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാത്രമല്ല യൂത്ത് കോണ്‍ഗ്രസുകാരും സമരപാതയിലാണ്. മന്ത്രിയുടെ മണ്ഡലത്തില്‍ ഇന്നലെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കാന്‍ ശ്രമിച്ചു.
ബന്ധു നിയമന കുറ്റത്തിന് മന്ത്രി ഇ.പി ജയരാജനില്ലാത്ത സംരക്ഷണം മന്ത്രി കെ.ടി ജലീലിന് നല്‍കുന്നതിന്റെ ഉത്തരം മുഖ്യമന്ത്രിയും ഇടതുപക്ഷ മുന്നണിയും നല്‍കണം. അവരുടെ മൃദുസമീപനത്തിന് കാരണം തീവ്രവാദ പ്രസ്ഥാനക്കാരായ വെല്‍ഫെയര്‍, എസ്.ഡി.പി.ഐ, പി.ഡി.പി പാര്‍ട്ടികളുടെ ഇടതുമുന്നണിയിലെ പാലമായി നില്‍ക്കുന്നത് കെ.ടി ജലീലാണ്. ജലീലിന്റെ രാജിക്കായി രാഷ്ട്രീയമായും നിയമപരമായും പോരാട്ടം തുടരും – പി.കെ ഫിറോസ് പറഞ്ഞു.