X

ബന്ധുവിന് നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണം: യൂത്ത് ലീഗ്

 

കോഴിക്കോട് : ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കും. ബന്ധുനിയമന ആരോപണത്തില്‍ മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണ്. 2016 സെപ്തംബര്‍ 17ന് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബര്‍ 26ന് നടന്ന ഇന്റര്‍വ്യൂവില്‍ മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യമായത് കൊണ്ടാണ്. ഒക്ടോബര്‍ 14ന് ആണ് ഇ.പി. ജയരാജന്‍ രാജിവെച്ചത്. ഇപ്പോള്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് വരാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആള്‍ എന്തിന് അപേക്ഷ സമര്‍പ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണം. ഇന്റര്‍വ്യൂവിന് ഹാജരായ മൂന്ന് പേര്‍ക്കും യോഗ്യതയില്ലായെന്ന വാദവും വാസ്തവ വിരുദ്ധമാണ്. യോഗ്യതയില്ലാത്തവരെ ഇന്റര്‍വ്യൂവിന് എന്തിന് ക്ഷണിച്ചു എന്നതിനും മന്ത്രി മറുപടി പറയണം. ബന്ധുവിനോട് പ്രത്യേകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അദ്ദേഹം അപേക്ഷ നല്‍കിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ഇന്റര്‍വ്യൂ നടത്തി യോഗ്യരായ ആളെ കിട്ടിയില്ലെങ്കില്‍ റീ-നോട്ടിഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുന്നതിന് പകരം മന്ത്രി ബന്ധുവിന് മാത്രം അപേക്ഷ നല്‍കാന്‍ ഏത് നിയമമാണ് കേരളത്തില്‍ അനുവദിക്കുന്നത്. 1958ലെ റൂള്‍ 9ബി പ്രകാരം ഏതൊരാളെയും ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. റൂള്‍ 9ബി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റാറ്റിയൂറ്ററി ബോഡികളില്‍ നിന്നോ മാത്രമേ നിയമനം നടത്താവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. അത് കൊണ്ട് മന്ത്രിയുടെ ഈ വാദവും തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് വ്യക്തമായ സാഹചര്യത്തില്‍ കെ.ടി ജലീലിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് യൂത്ത്ലീഗ് ആവശ്യപ്പെടുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് (ശനിയാഴ്ച) ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. നാളെ (ഞായറാഴ്ച) പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. തിങ്കളാഴ്ച കോഴിക്കോട്ടെ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷിനേക്കും മാര്‍ച്ച് സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീൂഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പങ്കെടുത്തു.

chandrika: