X

‘ബന്ധു ഒഴികെയുള്ളവര്‍ യോഗ്യരല്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം’: പി.കെ ഫിറോസ്

കോഴിക്കോട് : കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ തന്റെ ബന്ധുവായ കെ.ടി അദീബ് ഒഴിച്ച് മറ്റൊര്‍ക്കും നിശ്ചിത യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തിയും ഇന്‍ര്‍വ്യൂ നടത്താതെയും ബന്ധുവായ കെ.ടി അദീബിനെ മന്ത്രി കെ.ടി ജലീല്‍ നിയമ വിരുദ്ധമായി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ യൂത്ത് ലീഗ് പുറത്ത് വിട്ടപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇതൊടെ പൊളിഞ്ഞത്. അപേക്ഷകരുടെ പേരും യോഗ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഫിറോസ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി. ഏഴ് അപേക്ഷകരില്‍ അഞ്ചു പേര്‍ക്ക് എം.ബി.എ വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രവര്‍ത്തി പരിചയവും ഉണ്ട്. നേരത്തെ നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത പി. മോഹനന്‍ എസ്.ബി.ഐ യിലെ റീജിയണല്‍ മാനേജര്‍ ആണ്.

വി.എച്ച് റിജാസ് ഹരിത്ത് കെ.എസ്.എം.ഡി.എഫ്.സി ഡെപ്യൂട്ടി മാനേജര്‍ ആണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേരില്‍ രണ്ട് പേരും പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും നിശ്ചിത പ്രവര്‍ത്തി പരിചയം ഉള്ളവരും ആണ്. ഇവരെ നിയമിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത പോലും വരുമായിരുന്നില്ല. അപേക്ഷകരില്‍ ഒരാളായ സഹീര്‍ കാലടി പതിനൊന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ മാല്‍ക്കോ ടെക്‌സിലെ മാനേജര്‍ ആണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്തവരെ വീട്ടില്‍ പോയി ക്ഷണിച്ച് കൊണ്ട് വന്ന് ജോലി കൊടുക്കുയാണെങ്കില്‍ ആദ്യ പോകേണ്ടത് ഇദ്ദേഹത്തിന്റെ വീട്ടില്‍ ആയിരുന്നു. അപേക്ഷകരില്‍ ഒരാളായ വി. ബാബു ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തെ തഴഞ്ഞാണ് എം.ബി.എ പോലും ഇല്ലാത്ത അദീബിനെ നിയമിച്ചത്. ആവശ്യമായ എം.ബി.എക്കാര്‍ ഇല്ലാത്തത് കൊണ്ടാണ് ബിടെക്ക് കൂടി വിദ്യാഭ്യാസ യോഗ്യതയായി ചേര്‍ത്തതെന്ന മന്ത്രിയുടെ വാദവും ശുദ്ധനുണയാണ്. ഏഴ് പേരില്‍ അഞ്ചു പേരും എം.ബി.എക്കാരാണെന്നിരിക്കെ ബിടെക്ക് കൂടി യോഗ്യതയായി ചേര്‍ത്തത് മന്ത്രി ബന്ധുവിനെ നിയമിക്കാനാണെന്ന് വ്യക്തമാണ്.

രേഖകള്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് ‘മുകളില്‍’ നിന്ന് വിളി വന്നതിനാല്‍ നിയമനവുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ പരിശോധിക്കുന്നതിന് മാനേജിംഗ് ഡയറക്ടര്‍ അനുമതി നിഷേധിച്ചതായി ഫിറോസ് പറഞ്ഞു. മറ്റ് രേഖകള്‍ എല്ലാം മന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ട് പോയെന്നാണ് എം.ഡി പറഞ്ഞത്. രേഖകളില്‍ ക്രിത്രിമം നടത്താനോ നശിപ്പിക്കാനോ ആണ് മന്ത്രി ശ്രമിക്കുന്നതെന്ന് സംശയിക്കുന്നതായും ഫിറോസ് തുടര്‍ന്നു. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ രാജിയല്ലാത്ത മന്ത്രിയുടെ മുന്നില്‍ വേറെ വഴികള്‍ ഒന്നും ഇല്ലെന്നും രാജി വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ് എന്നിവര്‍ ഫിറോസിനൊപ്പം ഉണ്ടായിരുന്നു.

chandrika: