വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം പ്രമേയത്തോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യുവജന യാത്രയില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് രംഗത്ത്. യുവജനയാത്രക്ക് വയനാട് ജില്ലയില്‍ ഒരുക്കിയ വരവേല്‍പ്പില്‍ കല്‍പ്പറ്റയില്‍ നടന്ന ജില്ലാ തല സമാപന ചടങ്ങിലാണ് യാത്രാ ഉപനായകന്‍ കൂടിയായ പി.കെ.ഫിറോസ് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇന്ത്യാ രാജ്യത്തിന്റെ അധികാരം സംഘ്പരിവാര്‍ കീഴടക്കിയ ചരിത്രം വിശദീകരിച്ചുകൊണ്ടും അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിനുള്ള പങ്കും വിശദീകരിച്ചുകൊണ്ടായിരുന്നു പികെയുടെ ചോദ്യശരങ്ങള്‍.
1) ആര്‍.എസ്.എസ് ഭരണം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചതിന് മാപ്പ് പറയാന്‍ തയ്യാറുണ്ടോ?
2) അക്രമ രാഷ്ട്രീയത്തിനെതിരായി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കില്‍ ബി.ജെ.പിക്കെതിരെ എന്ത് കൊണ്ട് പറ്റില്ല! തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ അപകടം കുറഞ്ഞ പാര്‍ട്ടിയാണോ ബി.ജെ.പി?
3) ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മതേതര മുന്നണിക്ക് നിരുപാധിക പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ?
എന്നീ ചോദ്യങ്ങളാണ് ഫിറോസ് ഉയര്‍ത്തിയത്.
മുഖ്യമന്ത്രി പിണറായിയില്‍ നിന്നും ഉത്തരം കിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും യുവജനയാത്ര ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. യുവജനയാത്ര യാത്ര ഈ മാസം 24ന് തിരുവനന്തപുരത്ത് സമാപിക്കും.