തലശ്ശേരി: കണ്ണൂരിലെ സി.പി.എം, ആര്‍.എസ്.എസ് സംഘര്‍ഷവും കൊലപാതകങ്ങളും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മാത്രമാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വര്‍ഗീയതക്കെതിരെ ആശയപരമായോ രാഷ്ട്രീയമായോ പോരാട്ടം നടത്താന്‍ സി.പി.എമ്മിന് അടിത്തറയില്ല. യുവജന യാത്രക്ക് കണ്ണൂര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമന്യു കൊല്ലപ്പെട്ട ശേഷം മാത്രമാണ് എസ്.ഡി.പി.ഐ ഭീകരതക്കെതിരെ സി.പി.എം രംഗതെത്തിയത്. അപ്പോഴും മലപ്പുറം പറപ്പൂരില്‍ ഉള്‍പ്പെടെ എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് നേടിയ ഭരണം ഉപേക്ഷിക്കാതെ നാട് നീളെ വര്‍ഗീയത തുലയട്ടെ എന്ന് എഴുതിവെക്കുന്നത് കാപട്യമാണ്. കെ.എം.ഷാജിക്കെതിരെ ഒരു വാറോലയുണ്ടാക്കി ലീഗിനെതിരെ വര്‍ഗീയത ആരോപിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യമാവുകയാണ്. മുസ്്‌ലിം ലീഗിനെയും കെ.എം ഷാജിയെയും അനുഭവിച്ചറിഞ്ഞത് കൊണ്ടാണ് ആ പ്രചരണത്തെ പൊതുസമൂഹം വളരെ വേഗം പുച്ഛിച്ച് തള്ളിയത്.
ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവക്ക് മുകളില്‍ മാശാ അള്ളാ സ്റ്റിക്കര്‍ പതിച്ചും ഫസലിന്റെ ചോര മുക്കിയ തൂവാല ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കൊണ്ടിട്ടും വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടിയത് സി.പി.എമ്മാണ്. അണികളെ ആശയത്തിലൂടെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് പകരം ഭീതിപ്പെടുത്തി കൂടെ നിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത് ഏറെക്കാലം തുടരാനാകില്ലെന്നതിന്റെ തെളിവാണ് ബംഗാളും ത്രിപുരയുമെല്ലാം കാണുന്നത്. ആയുധം താഴെ വെച്ച് ആശയസംവാദത്തിന് സി.പി.എം തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.