മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന്‍ കമലിനെതിരായ ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു പികെ ഫിറോസ്.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ തീവ്രവാദിയാണെന്നതുള്‍പ്പെടെ അപകടകരായ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളായ എ.എന്‍.രാധാകൃഷ്ണനും എം.ടി.രമേശിനുമെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. എന്നാല്‍ സംഘപരിവാര്‍ സംസ്ഥാനത്താകെ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടയ്ക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. ബിജെപിയും യുവമോര്‍ച്ചയും നല്‍കുന്ന പരാതികളില്‍ മാത്രമേ പൊലീസ് കേസെടുക്കുകയുള്ളൂ എന്ന നിലപാടു മാറ്റണം. സിപിഎമ്മില്‍തന്നെ വര്‍ഗീയവിരുദ്ധ ചേരിയും അനുകൂലചേരിയുമുണ്ടെന്ന സംശയം ശക്തമാവുകയാണ്. പി.ജയരാജന്‍ ആര്‍എസ്എസിനെതിരെ ഡിജിപിക്കു നല്‍കിയ പരാതിയില്‍പോലും നടപടിയുണ്ടായില്ല. ദേശീയത അളക്കാന്‍ ബിജെപി ഉപയോഗിക്കുന്ന അളവുകോലാണ് കേരളത്തിലെ പൊലീസ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.