X

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കരുത്തു പകരുമെന്ന് പികെ ഫിറോസ്

കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ചുമതല നല്‍കുന്നത് യു.ഡി.എഫ് ടീമിന് കരുത്തുനല്‍കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച മഞ്ചേശ്വരം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയെ ചൂണ്ടിക്കാട്ടിയാണ് പി.കെ ഫിറോസ് ഫെയ്‌സ്ബുക് പോസ്റ്റ്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിച്ച നടപടിയില്‍ ഫിറോസ് ആശംസ അറിയിച്ചു.

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപം വായിക്കാം

യു.ഡി.എഫ് ഉറപ്പായും തോല്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച തെരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമറിയുന്നത് കൊണ്ട് യു.ഡി.എഫ് ക്യാമ്പിലും അല്‍പം ആശങ്കയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതല സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏല്‍പ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും ഏറ്റവും താഴെ തട്ടില്‍ വരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. ബൂത്ത് തലം വരെ നേതാക്കള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വീതിച്ചു നല്‍കി. റിസല്‍ട്ട് വന്നപ്പോള്‍ രാഷ്ട്രീയ പ്രവാചകന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. യു.ഡി.എഫ് ഉജ്ജ്വലമായി വിജയിച്ചു.

കേരളത്തില്‍ ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തദ്ധേശ തെരഞ്ഞെടുപ്പ്, ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഏതാനും മാസത്തിനുള്ളില്‍ കേരളം അഭിമുഖീകരിക്കാനിരിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ചുമതല നല്‍കുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ദുര്‍ഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തില്‍ സംശയമില്ല.
ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബിന് കൂടുതല്‍ ഉത്തരവാദിത്തങ്ങളും പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാന്‍ ബഷീര്‍ സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.

 

chandrika: