X

‘പിണറായി വിജയന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മാത്രം മുഖ്യമന്ത്രിയല്ല. നാസില്‍ അബ്ദുള്ളയുടെ കൂടി മുഖ്യമന്ത്രിയാണ്. നാസില്‍ അബ്ദുള്ള നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നു.’; പി.കെ ഫിറോസ്

ദുബായില്‍ നിന്നും നാസില്‍ അബ്ദുള്ള വിളിച്ചിരുന്നു. അധികാരവും പണവുമുള്ളവര്‍ ചേര്‍ന്ന് ഇത് രണ്ടും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകര്‍ത്തതിനെ കുറിച്ച് പറഞ്ഞു. ഇപ്പോഴും തനിക്ക് കിട്ടാനുള്ള പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു പകരം തുഷാര്‍ വെള്ളാപ്പള്ളിയെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരിഭവിച്ചു.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള പണമിടപാട് കേസില്‍ മുഖ്യമന്ത്രി എന്തിനാണ് ഒരു പക്ഷം പിടിക്കുന്നത്? ആരുടെയെങ്കിലും പക്ഷത്ത് നില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നില്‍ക്കേണ്ടത് ഇരയുടെ പക്ഷത്താണ്. പിന്നെന്തിനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മാത്രം ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി കത്തയച്ചത്? മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതി എന്ന് വി.എസ് അച്ചുതാനന്ദന്‍ ഇപ്പോഴും ആരോപിക്കുന്ന ഒരാള്‍ക്ക് വേണ്ടി വ്യവസായിയായ എം.എ യൂസഫലിയെ വിളിച്ച് മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്?

ചെക്ക് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ഏതെങ്കിലും പ്രവാസിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രി ഇതിനു മുമ്പ് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നോ? ആര്‍ക്കെങ്കിലും വേണ്ടി ഇടപെടാന്‍ യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നോ(ബിനോയ് കോടിയേരിയുടെ കാര്യമല്ല)!?

ശ്രീ. പിണറായി വിജയന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മാത്രം മുഖ്യമന്ത്രിയല്ല. നാസില്‍ അബ്ദുള്ളയുടെ കൂടി മുഖ്യമന്ത്രിയാണ്. നാസില്‍ അബ്ദുള്ള നടത്തുന്ന നിയമപോരാട്ടത്തെ അധികാരവും പണവും ഉപയോഗിച്ച് തളര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. അദ്ദേഹം നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നു.

chandrika: