X
    Categories: CultureMoreNewsViews

ആ തൊപ്പി കെ.എം ഷാജിക്ക് ചേരില്ല: പി.കെ ഫിറോസ്

എം.വി നികേഷ്കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കെ.എം ഷാജിയെ ചുരമിറങ്ങി വന്ന വർഗ്ഗീയ വാദി എന്ന് വിളിച്ചപ്പോൾ 2016 ഏപ്രിൽ 4 ന് പോസ്റ്റ് ചെയ്തതാണിത്. ഒരിക്കൽ കൂടി ആവർത്തിക്കുന്നു.

ആ തൊപ്പി കെ എം ഷാജിക്ക്‌ ചേരില്ല സർ…

പ്രിയ നികേഷ്‌,
നിങ്ങളെ ഇഷ്ടമായിരുന്നു.
ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ,
മലയാളിക്ക്‌ പരിചയമില്ലാത്ത ഒരു വാർത്താവതരണ ശൈലി മലയാളിക്ക്‌ ശീലമാക്കിയ ഒരാളെന്ന നിലയിൽ,
നിരവധി മാധ്യമ പ്രവർത്തകരെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക്‌ വഹിച്ച ഒരാളെന്ന നിലയിൽ….അങ്ങിനെ പലതു കൊണ്ടും. ഞാൻ മാത്രമല്ല പലരും നിങ്ങളെ ഇഷടപ്പെട്ടിരുന്നു. എന്നാലിപ്പോ, നിങ്ങൾ കെ എം ഷാജിയെ ചുരമിറങ്ങി വന്ന വർഗ്ഗീയ വാദിയെന്ന് വിളിച്ചു എന്നു കേട്ടപ്പോൾ….
എന്തിനു വേണ്ടിയായിരുന്നു സർ ??
നാലു വോട്ടിനു വേണ്ടിയാണെങ്കിൽ നിങ്ങളെ പേടിക്കണം. കാരണം വോട്ടിനു വേണ്ടി നിങ്ങൾ എന്തും പറയാൻ മടിക്കില്ലെന്നത്‌ പേടിപ്പെടുത്തുന്ന കാര്യം തന്നെയാണു.

അറിയുമോ നിങ്ങൾ വർഗ്ഗീയ വാദിയെന്ന് ഇപ്പോൾ വിളിച്ച കെ എം ഷാജി ആരാണെന്ന്??
ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും ഒരു വർഗ്ഗീയ വാദിയുടെയും വോട്ട്‌ തനിക്ക്‌ വേണ്ടെന്ന് ഇരവിപുരത്ത്‌ പ്രഖ്യാപിച്ച വ്യകതി. തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഇരവിപുരത്ത്‌ അദ്ധേഹം തോറ്റത്‌ നിങ്ങളും അറിഞ്ഞിട്ടുണ്ടാവുമല്ലോ???
പിന്നീട്‌ അഴീക്കോട്‌ മൽസരിച്ചപ്പോൾ പലരും പറഞ്ഞു എൻ ഡി എഫിനെയും ആർ എസ്‌ എസിനെയും പരാമർശിക്കരുതെന്ന്. എന്നാൽ അത്തരം വർഗ്ഗീയ വാദികൾ തനിക്ക്‌ വോട്ട്‌ ചെയ്താൽ കരണക്കുറ്റിക്ക്‌ പൊട്ടിക്കുമെന്ന് ധീരമായി നിലപാടെടുത്ത ആളാണു കെ എം ഷാജി. ആ ധീരമായ നിലപാടിനെ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ നിങ്ങളുമുണ്ടായിരുന്നല്ലോ സർ….

ഒന്നുകൂടെ പറഞ്ഞോട്ടെ….
ആ തൊപ്പി പാകമാകുന്നവരെ സൂക്ഷിച്ച്‌ നോക്കിയാൽ നിങ്ങൾക്ക്‌ തന്നെ കാണാം മിസ്റ്റർ നികേഷ്‌.
തലശ്ശേരിയിലെ ഫസലിനെ കൊന്നതിനു ശേഷം രക്തതുള്ളികൾ ഒരു ടവ്വലിലാക്കി ആർ എസ്‌ എസുകാരുടെ വീട്ടു പടിക്കൽ കൊണ്ടു പോയി ഉപേക്ഷിച്ചവരാണവർ.
ടി പി ചന്ദ്രശേഖരനെ കൊല്ലാൻ പോയവരുടെ ഇന്നോവ കാറിന്റെ പിറകിൽ മാഷാ അള്ളാഹ്‌ എന്ന സ്റ്റിക്കറൊട്ടിച്ചവരാണവർ.
അവരാണു സർ നിങ്ങളുടെ ഇടവും വലവും ഉള്ളത്‌. ആ തൊപ്പി അവർക്കാണു പാകമാവുക സർ.
ഒന്നു മുഖത്ത്‌ നോക്കി വിളിച്ചു കൂടെ വർഗ്ഗീയ വാദികളെന്ന്. ഒന്നിനും വേണ്ടിയല്ല മന:സ്സാക്ഷിയോട്‌ നീതി പുലർത്താനെങ്കിലും…..

ചന്ദ്രിക വെബ് ഡെസ്‌ക്‌: