X

ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും! അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്.

ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ നിലക്ക് മുന്നോട്ടു പോകാമെന്നുമാണെന്ന് ഫിറോസ് പറഞ്ഞു. കോടതിവിധിയില്‍ പ്രതികരിച്ച് ഹാദിയയുടെ അമ്മ പൊന്നമ്മ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്കുള്ള തെറ്റിദ്ധാരണകളാണ്. അതു നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കുമെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഖില@ഹാദിയ കേസ് നല്‍കുന്ന സന്ദേശം

സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് വന്നപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടിയിരുന്നത്. ഒന്ന്, ഹാദിയയുടെ രക്ഷാ കര്‍തൃത്വം ആര്‍ക്ക് എന്നതിനെ സംബന്ധിച്ചായിരുന്നു. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ ആ നിലക്ക് മുന്നോട്ടു പോകണമെന്നുമാണ്. രണ്ടാമത്തെ ഇഷ്യു കല്ല്യാണത്തെ സംബന്ധിച്ചാണ്. അക്കാര്യം പരിഗണിക്കുന്നതിനായി കേസ് അടുത്ത മാസത്തേക്ക് വെച്ചത് കൊണ്ട് തുടര്‍ സിറ്റിംഗില്‍ അത് സംബന്ധിച്ച തീരുമാനവും ഉണ്ടാവും. എന്ന് പറഞ്ഞാല്‍ കോടതി വിധിക്കെതിരായി കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയോ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വിദ്വേഷം പ്രസംഗിക്കുകയോ അല്ല വേണ്ടത് മറിച്ച് മേല്‍കോടതിയെ സമീപിച്ച് ശരിയായ കോടതി വിധി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്നാണ്.
ഇനി സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു എന്ന് കരുതുക. അതായത് ഹാദിയയെ അശോകന്റെ രക്ഷാ കര്‍തൃത്വത്തില്‍ തന്നെ വിട്ട് കൊടുത്ത് അവരുടെ ജീവിതം വീണ്ടും വീട്ടു തടങ്കലിലായി എന്ന് വിചാരിക്കുക. ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ എന്തെങ്കിലും പരാജയമുണ്ടോ? അവിടെ തോല്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശങ്ങളുമാണ്. അപ്പോള്‍ കോടതി വിധി ഹാദിയക്കനുകൂലമായാല്‍ ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ മാത്രമായി ആഘോഷിക്കാന്‍ ഒരു വകുപ്പുമില്ല.
വിജയിച്ചത് ഇന്ത്യന്‍ ഭരണഘടനയാണ്. പൗരാവകാശങ്ങളാണ്.
അത് മാത്രമാണ്.
ഇതിനിടയില്‍ ആ അമ്മയുടെ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ? ഇസ്‌ലാം തീവ്രവാദത്തിന്റെ മതമായത് കൊണ്ടുള്ള പ്രശ്‌നമാണെന്നാണവര്‍ പറഞ്ഞത്. അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും!

ഹാദിയ തന്റെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഹാദിയയെ ആസിയ ബീവിയും സുമയ്യ ബീവിയുമായി ചിത്രീകരിക്കുന്നവര്‍ പറയേണ്ട ചില ചരിത്രമുണ്ട്. അത് മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങളാണ്. അവിശ്വാസികളാണെങ്കിലും മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ കടമയാണെന്ന് പഠിപ്പിച്ച പ്രവാചക വചനങ്ങളെ കുറിച്ചാണ്. അത്തരം ചരിത്രങ്ങളാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങേണ്ടത്.
ഒരു ബഹുസ്വര സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്. അതിനായി 1952 നവംബര്‍ 1ന് ബാഫഖി തങ്ങള്‍, സീതി സാഹിബ്, ഉപ്പി സാഹിബ് എന്നീ ലീഗ് നേതാക്കള്‍ ഇറക്കിയ പ്രസ്താവന ഒരാവര്‍ത്തി വായിച്ചാല്‍ മതിയാവും. ആര്‍.എസ്.എസ്സുകാര്‍ നടത്തിയ ഗോവധ നിരോധന യോഗത്തിനടുത്ത് വെച്ച് ഒരു പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു പ്രസ്താവന ഇറക്കിയത്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി പശുവിനെ അറുക്കാന്‍ പാടില്ല എന്നാണവര്‍ പറഞ്ഞത്. അന്യമതക്കാരുടെ ആരാധനാ വസ്തുക്കളെ നിന്ദിക്കരുതെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നാണവര്‍ വ്യക്തമാക്കിയത്. സമുദായ സൗഹാര്‍ദ്ധത്തിനായി ത്യാഗം ചെയ്യാനാണവര്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞത്. അതായത് മത സൗഹാര്‍ദ്ധവും സമാധാനവുമാണ് പരമപ്രധാനമായിട്ടുള്ളത്.
അഖില@ഹാദിയ കേസിന്റെ വിധി എന്ത് തന്നെയായാലും സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. അവര്‍ വര്‍ഗ്ഗീയ വാദികളാണ്. അവര്‍ ഇരുവിഭാഗങ്ങളിലായി നിലയുറപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. വൈകാതെ അത് തിരിച്ചറിയുക എന്നതാണ് ഈ അവസരത്തില്‍ പ്രസക്തമായിട്ടുള്ളത്. വൈകിയാല്‍ തകരുന്നത് നാടിന്റെ മനസ്സമാധാനമാണ്. മറക്കരുത്……

chandrika: