X

ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും വിഷയം വഴിതിരിച്ചുവിടാന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുവെന്നും പി.കെ ഫിറോസ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന കാര്യം വളരെ
ഗൗരവത്തോടെ കാണെണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഭീഷണി നടത്തിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണമെന്നും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും പി.കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് പ്രതികരണം നടത്തിയത്. വധഭീഷണി മുഴക്കിയ സംഭവത്തെ ഡിവൈഎഫ്‌ഐ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ അദ്ധ്യക്ഷനാണ് ബഹുമാനപ്പെട്ട ജിഫ്രി മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനെതിരെ വധഭീഷണി കോള്‍ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം.
അതേസമയം, ഭരണ കക്ഷിയുടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നല്‍കില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നല്‍കാന്‍ മത്സരിക്കുകയാണ് ഇക്കൂട്ടര്‍.
മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി.വൈ.എഫ്.ഐയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവര്‍ വ്യക്തമാക്കണം. ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി ഉപയോഗിച്ചതാണെങ്കില്‍ അതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ മനുഷ്യര്‍ക്കുണ്ട് എന്ന് ഡി.വൈ.എഫ്.ഐ മനസ്സിലാക്കണം.
വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്. നാളെ മറ്റ് വര്‍ഗബഹുജന സംഘടനകള്‍ക്കും പിടിപെടുമെന്ന കാര്യം ഉറപ്പാണ്. നിങ്ങള്‍ പരസ്പരം രോഗ ശമനത്തിന് ഉപായം കണ്ടെത്തുകയാണ് വേണ്ടത്. എപ്‌സം അഥവാ ഇന്തുപ്പ് നല്ലതാണെന്ന് കാര്‍ന്നോര്‍മാര്‍ പറയാറുണ്ട്. സത്യമാണോന്ന് ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. അല്ലാതെ ലീഗിന്റെ മേക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല.

Test User: