X
    Categories: CultureMoreNewsViews

റഫാല്‍: പ്രതിപക്ഷത്തിന്റെ ആരോപണം ‘ശരിവെച്ച്’ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിലായി. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കരാറില്‍ ഒപ്പിട്ടതെന്ന് പറയുന്ന വീഡിയോയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്.

കോമേഡിയന്‍ രാജു ശ്രീവാസ്തവയുടെ വീഡിയോയാണ് പിയൂഷ് ഗോയല്‍ ട്വീറ്റു ചെയ്തത്. ‘ രാജ്യത്തെ പ്രധാനമന്ത്രിയ്ക്കുനേരെ വിരല്‍ചൂണ്ടുന്നവര്‍ തിരിച്ചറിയൂ’ എന്നു പറഞ്ഞാണ് പിയൂഷ് ഗോയല്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മോദിയുടെ ഇമേജ് വര്‍ധിപ്പിക്കുന്ന വീഡിയോ എന്ന് ധരിച്ചാണ് പിയൂഷ് ഗോയല്‍ വീഡിയോ ട്വീറ്റു ചെയ്തത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് മോദിയെ വിമര്‍ശിക്കുന്നവരെ കളിയാക്കിയാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ പിന്നീട് പറയുന്നത് മോദി വിവാദമായ റഫാല്‍ കരാറില്‍ ഒപ്പുവെച്ചത് അനില്‍ അംബാനിയെ സഹായിക്കാനാണെന്ന്. ‘ഇന്ത്യന്‍ സായുധസേനക്ക് എന്താണ് വേണ്ടതെന്ന് മോദിജിക്ക് നന്നായി അറിയാം. എയര്‍ഫോഴ്‌സിനെ ശക്തിപ്പെടുത്താനാണ് റഫേല്‍ കരാറില്‍ ഒപ്പുവെച്ചത്.’ എന്നു പറഞ്ഞാണ് ശ്രീവാസ്തവ തുടങ്ങുന്നത്. ‘ മോദിജി പിന്നീട് എച്ച്.എ.എല്ലിനോടു പറഞ്ഞു നിങ്ങള്‍ക്ക് ഇതിനകം ലഭിച്ച പണികള്‍ പൂര്‍ത്തിയാക്കൂ എന്ന്. റഫാല്‍ കരാര്‍ ഞാന്‍ ഒരു സ്വകാര്യ കമ്പനിക്കു നല്‍കും. ഇതും സത്യമാണ്. എല്ലാ സര്‍ക്കാര്‍ സംഘടനകളിലും നിങ്ങള്‍ സന്തുഷ്ടരല്ലേ?’ എന്നും അദ്ദേഹം ചോദിക്കുന്നു.

വീഡിയോയില്‍ മോദിയ്‌ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉണ്ടെന്നിരിക്കെയാണ് വീഡിയോ പിയൂഷ് ഗോയല്‍ ട്വീറ്റു ചെയ്തിരിക്കുന്നത്. പിയൂഷ് ഗോയല്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെച്ചിരിക്കുന്നു എന്ന തലക്കെട്ടില്‍ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: