X
    Categories: Video Stories

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സ്‌റ്റൈനാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ചരിത്രം വളച്ചൊടിച്ചുള്ള കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വിവാദത്തില്‍. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐ ന്‍സ്‌റ്റൈന്‍ ആണെന്നാണ് മന്ത്രി വെച്ചുകാച്ചിയത്. വാണിജ്യ ബോര്‍ഡ് യോഗത്തിനു ശേഷം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയായിരുന്നു സംഭവം.
സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനില്‍ കാണുന്ന കണക്കുകള്‍ വിശ്വസിക്കരുതെന്നും കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ഐന്‍സ്‌റ്റൈന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു പ്രസ്താവന. അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12% വളര്‍ച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള ടെലിവിഷനുകളില്‍ പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്‌റ്റൈനെ സഹായിച്ചിട്ടുള്ളത്. കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല -പിയൂഷ് ഗോയല്‍ പറഞ്ഞു.
ഐസക് ന്യൂട്ടനാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തിയതെന്നതാണ് ചരിത്ര വസ്തുത. അദ്ദേഹത്തിന്റെ തലയില്‍ ആപ്പിള്‍ വീണതാണ് അത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നും ചരിത്രം പറയുന്നു. പ്രസ്താവനയ്ക്കു പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഗോയലിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്. ന്യൂട്ടണ്‍, ഐന്‍സ്‌റ്റൈ ന്‍ എന്നീ പേരുകള്‍ ട്രെന്‍ഡിങ്ങാവുകയും ചെയ്തു.
പിന്നാലെ വിശദീകരണവുമായി ഗോയല്‍ രംഗത്തെത്തി. പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ദൗര്‍ഭാഗ്യകരമെന്നു പറയെട്ടെ, സാഹചര്യത്തില്‍നിന്ന് അടര്‍ത്തി മാറ്റി ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മില സീതാരാമന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ അബദ്ധപ്രസ്താവനയുമായി ഗോയലും രംഗത്തെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: