‘നെക്‌സസ്’ ഫോണുമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല ഗൂഗിളിന്. എല്‍.ജി, ഹ്വാവെയ്, എച്ച്.ടി.സി തുടങ്ങിയ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്നു നിര്‍മിച്ച നെക്‌സസ് ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയിലും സൗകര്യത്തിലും മികവു പുലര്‍ത്തിയെങ്കിലും ആപ്പിളിന്റെയോ സാംസങിന്റെയോ ഹൈ എന്‍ഡ് ഫോണുകള്‍ക്ക് മത്സരമുയര്‍ത്തിയില്ല.
എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഗൂഗിള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ ‘പിക്‌സല്‍’ രംഗത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ 7.1 നൗഗട്ട്, സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ഏറ്റവും മികച്ച ക്യാമറ, കരുത്തുറ്റ ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ അവകാശവാദങ്ങളോടെയെത്തുന്ന പിക്‌സലിന് അമേരിക്കയില്‍ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെത്തുമ്പോള്‍ 57,000 രൂപ മുതല്‍ 76,000 രൂപ വരെ വിലയുള്ള ഫോണ്‍ 5 ഇഞ്ച് (പിക്‌സല്‍), 5.5 ഇഞ്ച് (പിക്‌സല്‍ എക്‌സ് എല്‍) എന്നിങ്ങനെ രണ്ട് മോഡലുകളിലായാണ് എത്തുന്നത്. ഒക്ടോബര്‍ 13 മുതല്‍ ഫഌപ്കാര്‍ട്ടിലാണ് ഇന്ത്യയിലെ പ്രീബുക്കിങ് ആരംഭിക്കുന്നത്.
4 ജിബി റാം ആണ് രണ്ട് ഫോണുകളുടെയും സവിശേഷത. 5 ഇഞ്ച് വേര്‍ഷനില്‍ 32 ജിബി ആണ് മെമ്മറിയെങ്കില്‍ എക്‌സ് എല്ലില്‍ അത് 128 ജിബിയാണ്. ഫുള്‍ എച്ച്.ഡി അമോള്‍ഡ് ഡിസ്‌പ്ലേ, 441 പിക്‌സല്‍ പെര്‍ ഇഞ്ച് ഡെന്‍സിറ്റി, പൊട്ടുകയും പോറലേല്‍ക്കുകയും ചെയ്യാത്ത ഗോറില്ല ഗ്ലാസ് 4 എന്നിവയും പിക്‌സലിനെ ്ര്രശദ്ധേയമാക്കുന്നു.
12.3 മെഗാപിക്‌സലിലുള്ള പിന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. 8 മെഗാപിക്‌സല്‍ ആണ് ഫ്രണ്ട് ക്യാമറ. 2770, 3450 എന്നീ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഫോണുകളുടെ ബാറ്ററി. ഏഴ് മണിക്കൂര്‍ ഉപയോഗത്തിനു വേണ്ട പവര്‍ വെറും 15 മിനുട്ട് നേരത്തെ ചാര്‍ജിങ് കൊണ്ട് ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.