കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയെ പിടികൂടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ഹൈക്കോടതിയില്‍ ‘പിടികിട്ടാപ്പുള്ളി’യെന്ന്് പൊലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടുള്ള ആളാണ് അര്‍ഷോ. 2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആര്‍ഷൊക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ഹൈക്കോടതി ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കി.
തുടര്‍ന്നാണ് അര്‍ഷോ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനു ശേഷം ഇയാള്‍ നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന അര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിനു പുറമേ പൊതുവേദികളില്‍ ഇയാള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചാണ് നിയമ നടപടി ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയത്.
നിസാം ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഐപിസി 308, 355, 323, 324, 506, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അര്‍ഷോയെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെ നിസാം തന്നെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും പ്രതിയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ മറുപടി. ഇതിനിടെ പൊതു വേദിയിലെത്തിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തു കളിക്കുകയാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് അര്‍ഷോ പറയുന്നത്.