X

പിറവം പള്ളി കേസ്; ജസ്റ്റിസുമാര്‍ പിന്മാറി

 

പിറവം പള്ളി കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.ആര്‍ രാമചന്ദ്രമേനോനും പിന്മാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്മാറ്റം. ഇത്തരമൊരു ഹര്‍ജി വന്ന സാഹചര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

പിറവം പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ എത്തിയ പൊലീസ് വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ പിന്മാറിയിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇന്നു ഉച്ചകഴിഞ്ഞ് 2.30ഓടെ പള്ളിയില്‍ എത്തിയത്.

യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇവരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. സ്ത്രീകളും മണിമേടയുടെ മുകളില്‍ കയറില്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പൊലീസ് സംഘടിച്ചെത്തി പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. സര്‍ക്കാരിന്റെ സമവായ ശ്രമങ്ങള്‍ക്ക് സഭ പിന്തുണ നല്‍കുമെന്ന് യാക്കോബായ സഭയുടെ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ അറിയിച്ചിട്ടുണ്ട്.

chandrika: