കൊച്ചി: ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആണ് കുര്‍ബാന നടക്കുന്നത്. പ്രതിഷേധങ്ങളൊന്നുമില്ലാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞു.അതേസമയം യാക്കോബായ വിഭാഗം റോഡില്‍ പ്രാര്‍ത്ഥന നടത്തി. പള്ളി പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയാണുള്ളത്. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ലെങ്കിലും പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഏഴുമണിക്കാണ് ഓര്‍ത്തഡോക്‌സ് വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന ചടങ്ങുകള്‍ ആരംഭിച്ചത്.
1934ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും കുര്‍ബാനയില്‍ പങ്കെടുക്കാം. യാക്കോബായ സഭാ വിശ്വാസികളെ പളളിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.