X

പിറവം പള്ളി കേസ്: നാലാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി: പിറവംപള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോര്‍ജ് എന്നിവരുടെ ബെഞ്ചാണ് പിന്മാറിയത്. പള്ളി തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം, ടി.വി അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പിന്മാറിയതിന് പിറകെയാണിത്.

പള്ളി ഭരണം തങ്ങള്‍ക്ക് അനുകൂലമായി കിട്ടുന്നതില്‍ സുപ്രീകോടതി ഉത്തരവ് നടപ്പാക്കാനായി യാക്കോബായ വിഭാഗം ഹൈക്കോടതിയെയും പൊലീസിനെയും സമീപിച്ചിരുന്നു. നേരത്തേ ആര്‍.രാമചന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ദേവന്‍ രാമചന്ദ്രന്‍ മുന്‍പ് സഭാ തര്‍ക്ക കേസില്‍ ഒരു വിഭാഗത്തിന് വേണ്ടി ഹാജരായതാണെന്ന് യാക്കോബായ സഭക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച വ്യക്തി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ബെഞ്ച് പിന്മാറുകയായിരുന്നു.

ശേഷമാണ് കേസ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്ക് എത്തിയത്. തുടര്‍ന്ന് ജസ്റ്റിസ് ചിദംബരേഷും പള്ളി തര്‍ക്ക കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് രണ്ടാമത്തെ ബെഞ്ചും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി. പിന്നീടാണ് സി.കെ അബ്ദുള്‍ റഹിം, ടി.വി അനില്‍ കുമാര്‍ അടങ്ങുന്ന മൂന്നാമത്തെ ബെഞ്ചിലേക്ക് കേസ് എത്തിയത്. നാലാമത്തെ ഡിവിഷണല്‍ ബെഞ്ചും പിന്മാറിയതിനാല്‍ കേസിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്.

chandrika: