കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മക്കും നാലു മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍.
രാമമംഗലം സ്വദേശി റെനിയെയാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടന്ന സ്മിതക്കും നാലു പെണ്മക്കള്ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്.
14 വയസ്സുള്ള മകളുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിരുന്നു. രാമമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്മിതയുടെ രണ്ടാം ഭര്‍ത്താവ് റെനി പിടിയിലായത്. കൈയില്‍ ആസിഡ് വീണ് പൊള്ളലേറ്റതിന്റെ പാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് റെനിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്മിതയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ റെനി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും റെനി ജയിലിലാവുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.