X

പൈപ്പിടല്‍: വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് സി. മമ്മൂട്ടി

 
തിരുവനന്തപുരം: റോഡ് കുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ക്കുള്ള നൂലാമാലകള്‍ അവസാനിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സി. മമ്മൂട്ടി ആവശ്യപ്പെട്ടു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് നിരവധി തടസങ്ങളുണ്ട്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ ഒക്ടോബര്‍ വരെ ഒരു റോഡുപോലും വെട്ടിമുറിക്കാന്‍ അനുമതി ലഭിക്കില്ല. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ഇതിന് അനുമതി ലഭിക്കുക. റോഡ് പുനഃസ്ഥാപിക്കുന്നതിന് വേണ്ടിവരുന്ന ചെലവ് തുക പി.ഡബ്ല്യൂ.ഡിയില്‍ അടച്ചാലും വകുപ്പുകള്‍ ഫയല്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതിലൂടെ പല കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിക്കുന്നത് വൈകുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംവിധാനത്തിന് രൂപം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ കുടിവെള്ള പദ്ധതികള്‍ പോലും ഇപ്പോള്‍ റദ്ദാക്കുകയാണ്. ഒരു കാരണവശാലും പദ്ധതികള്‍ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഏതുവിധേനയും പണം കണ്ടെത്തി റീടെണ്ടര്‍ ചെയ്യണം. 26 കോടി രൂപയുടെ വെട്ടം തലക്കാട് കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം ലഭ്യമാക്കിയതാണ്. ഒന്നാംഘട്ടമെന്ന നിലയില്‍ പത്ത് കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. കല്‍പകഞ്ചേരി, വളാഞ്ചേരി പഞ്ചായത്തില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡ് പുനഃസ്ഥാപിക്കുന്നതിന് 56 ലക്ഷം രൂപ നല്‍കിയെങ്കിലും യാതൊന്നും നടന്നിട്ടില്ല. കുടിവെള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. ഫണ്ട് കൂടുതലായി അനുവദിച്ച് സമയബന്ധിതമായി പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതപ്പുഴയില്‍ പോലും പമ്പ് ചെയ്യാനാവശ്യമായ വെള്ളമില്ല. സംസ്ഥാനത്ത് പാലം നിര്‍മിക്കുമ്പോള്‍ അതിന് താഴെയായി തടയണ നിര്‍മിക്കാന്‍ സംവിധാനമുണ്ടാകണം. പാലത്തെ ശക്തിപ്പെടുത്താനും ചെലവ് കുറക്കാനും ഇതു സഹായകമാകും. തീരദേശ നിയന്ത്രണ മേഖലയുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ അനുമതി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കായി കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് അടിയന്തരമായി പദ്ധതി തയാറാക്കണം. പട്ടയം വിതരണം ചെയ്യണം. മത്സ്യ വിപണനമേഖലയിലെ തടസങ്ങള്‍ നീക്കാനും നടപടിയുണ്ടാകണം. ചെന്നൈയില്‍ നിന്ന് അമോണിയം കലര്‍ന്ന മത്സ്യങ്ങള്‍ ഇവിടേക്ക് കൊണ്ടുവരികയും ഇവിടെ നിന്ന് നല്ല മത്സ്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇതിന് മാറ്റമുണ്ടാകണമെന്നും സി. മമ്മൂട്ടി ആവശ്യപ്പെട്ടു.

chandrika: