X

ഒബാമയുടെയും ബില്‍ ക്ലിന്റന്റെയും വസതിയില്‍ സ്‌ഫോടകവസ്തു; സിഎന്‍എന്നിലും ബോംബ് ഭീഷണി, തത്സമയ സംപ്രേക്ഷണം നിര്‍ത്തി വെച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റന്റെയും ബറാക് ഒബാമയുടെയും വസതിയില്‍
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. തപാലിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ക്കു ലഭിക്കുന്ന കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് നല്‍കാറുള്ളത്. അത്തരം പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ക്ലിന്റന്റെ ന്യൂയോര്‍ക്കിലെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയത്. പൊലീസുമായി എഫ്ബിഐ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കണ്ടെത്തല്‍. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ വസ്തു പരിശോധിച്ചപ്പോഴാണ് സ്‌ഫോടകശേഷിയുള്ളതാണെന്ന് കണ്ടെത്തിയത്.

സ്‌ഫോടക വസ്തു കണ്ടെത്തിയ സമയത്ത് ബില്‍ ക്ലിന്റന്‍ വസതിയിലുണ്ടായിരുന്നു. ഹിലറി ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റുകളുടെ പ്രചാരണ പരിപാടിയിലായിരുന്നു. ഒബാമയുടെ വാഷിങ്ടണിലെ വസതിയില്‍ മെയില്‍ ബോക്‌സില്‍ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം.

അതിനിടെ, മാധ്യമസ്ഥാപനമായ സി.എന്‍.എന്നിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ടൈം വാണര്‍ സെന്ററിലും ബോംബ് ഭീഷണിയുണ്ടായി. സ്‌ഫോടക വസ്തു ഉള്‍പ്പെട്ട ഒരു പാക്കേജ് ഇവിടെയും ലഭിച്ചതോടെ കെട്ടിടം ഒഴിപ്പിച്ചു പരിശോധന നടത്തി. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് ചാനല്‍ തത്സമയ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ടൈം വാണര്‍ സെന്ററിന്റെ കത്തുകള്‍ കൈകാര്യം ചെയ്യുന്ന മുറിയില്‍ നിന്നാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.

പൈപ്പുകളും വയറുകളും ചേര്‍ത്ത സ്‌ഫോടക വസ്തുപ്രാകൃത രീതിയിലുള്ളതാണെങ്കിലും പ്രവര്‍ത്തനക്ഷമമാണെന്ന് പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയുണ്ടായാല്‍ ശരീരത്തില്‍ തുളച്ചു കയറുന്ന തരം വസ്തുക്കളും ഇതിന് അകത്തുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസും പരിശോധന ശക്തമാക്കി.

chandrika: