തിരുവനന്തപുരം: പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട സംവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീതിക്കായാണ് പോരാടിയത്. എട്ട് വയസുള്ള തന്റെ മകള്‍ക്കെതിരെ സര്‍ക്കാര്‍ ഇനി അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷ. ഇനിയെങ്കിലും മകളെ കരയിക്കരുത്. ഐ.എസ്.ആര്‍.ഒയിലേക്ക് വന്ന ഒരു വാഹനം കാണാനുള്ള കൗതുകം കൊണ്ടാണ് മകള്‍ ദേശീയപാതയോരത്ത് നിന്നത്. അപ്പോഴാണ് പൊലീസിന്റെ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ഐക്യദാര്‍ഢ്യ സമിതി നേതാക്കളായ ശ്രീജ നെയ്യാറ്റിന്‍കര, എന്‍. മുരളി, സീറ്റ ദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാപൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.