X

ഏകാധികാരമാണെല്ലാം

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം

സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത് പുരോഗമിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ട് തന്നെയാണ്. പിണറായി വിജയന്‍ എന്ന ഒറ്റ വ്യക്തിയില്‍ വിപ്ലവ പാര്‍ട്ടി കേന്ദ്രീകരിക്കുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലെവിടെയും കണ്ടിട്ടില്ലാത്ത വിധം മറുവാക്കില്ലാത്ത ഒരു സമ്മേളനകാലം. എന്നും വിഭാഗീയതയുടെ പോര്‍ക്കളമായിരുന്നു സി.പി.എം സമ്മേളന വേദികള്‍. എന്നാല്‍ ഇക്കുറി ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളുണ്ടെങ്കിലും മാര്‍ക്‌സിസം പിണറായിസത്തിന് വഴിമാറുന്നതിന്റെ ദൃഷ്ടാന്തമായി എറണാകുളം സമ്മേളനം മാറുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതോ ഏകാധികാരിയെ ചോദ്യം ചെയ്ത് മാറ്റത്തിന്റെ കൊടിപാറുമോ എന്നതും പ്രധാനം.

പാര്‍ട്ടിയില്‍ വിഭാഗീയത ഇപ്പോഴുമുണ്ട്. അത് എത്രത്തോളം ആളിക്കത്തുമെന്ന് വ്യക്തമല്ല. കേന്ദ്രനേതൃത്വവും അതിനെ മറികടന്ന് പുതിയൊരു ശാക്തികചേരി ഉയര്‍ത്തിക്കൊണ്ടുവരിക സാധ്യമാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് എറണാകുളം തന്നെയാണ്. എറണാകുളം സമ്മേളനം കൂടി കടന്നുകിട്ടിയാല്‍ പിണറായിക്ക് മുന്നില്‍ പ്രതിബന്ധങ്ങളില്ല.

ഒടുവിലത്തെ എതിരാളിയായ വി.എസ് അച്യുതാനന്ദനും അണിയറയിലേക്ക് ചുരുങ്ങിയതോടെയാണ് പിണറായിക്കാലം ശക്തിപ്പെട്ടത്.പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ വിജയങ്ങളുണ്ടായെന്ന് അവകാശപ്പെടുമ്പോഴും സി.പി.എമ്മിന്റെ പരമ്പരാഗത രീതികള്‍ തന്നെ മാറ്റിയെഴുതപ്പെട്ട കാലത്താണ് സമ്മേളനം നടക്കുന്നത്. അതില്‍ പ്രധാനം നയപരമായ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അഭിപ്രായ രൂപീകരണം എന്ന കീഴ്‌വഴക്കത്തെ പിണറായി വെട്ടിമാറ്റി. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടുകളായി മുകളിലേക്ക് എത്തേണ്ട തീരുമാനങ്ങളില്‍ പലതും അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടിയിലും സര്‍ക്കാരിലും തീരുമാനങ്ങള്‍ തന്റേതുമാത്രമാക്കി.

തീവ്ര വര്‍ഗീയതക്കെതിരായ പോരാട്ടത്തിലും പിണറായിസം വെള്ളംചേര്‍ത്തു. രഹസ്യമായ രാഷ്ട്രീയ സഖ്യങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഇത് ഇടയാക്കി. സി.പി.എമ്മിന്റെ അധികാരകേന്ദ്രമായ പാര്‍ട്ടി സെക്രട്ടറി പദവിയെ നോക്കുകുത്തിയാക്കുന്ന സ്ഥിതിയുണ്ടായി. ഇതിനെല്ലാം പുറമെ ദേശീയതലത്തില്‍ തന്നെ സി.പി.എമ്മിന്റെ നയം തീരുമാനിക്കുന്നതു പോലും പിണറായിയായി മാറി.

പ്രധാന ഇടതുപാര്‍ട്ടിയായ സി.പി.ഐക്കുപോലും ദഹിക്കാത്ത നിലപാടുകളിലൂടെ സി.പി.എമ്മിനെ അദ്ദേഹം ബൂര്‍ഷ്വാ രാഷ്ട്രീയത്തിലേക്ക് നയിച്ചു. തുടര്‍ഭരണമെന്ന നേട്ടം പിണറായിയെ കൂടുതല്‍ കരുത്തനാക്കിയതോടെ സി.പി.എമ്മിലെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളും കെട്ടിടങ്ങടി. പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്നിരിക്കെ വി.എസ് മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പുതിയ ബദല്‍ പിറവിയെടുക്കുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത ഇല്ലെന്നുതന്നെ പറയാം.

75 എന്ന പ്രായപരിധി നിബന്ധന കര്‍ശനമാക്കുന്നതോടെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഒഴിയേണ്ടി വരും. പിണറായി ഉള്‍പെടെയുള്ള ചുരുക്കം ചില നേതാക്കള്‍ക്കു മാത്രമാകും ഇളവ്. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളില്‍ വലിയ മാറ്റത്തിനാണ് സാധ്യത. പി.ബിയില്‍ പിണറായിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് കേരളത്തില്‍ നിന്ന് 75 എന്ന പ്രായ പരിധിക്കു പുറത്തുള്ളവര്‍. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍, സി.പി.നാരായണന്‍ എന്നിവരും പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടേക്കും.

Test User: