കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ മുഖ്യമന്ത്രിക്കെതിരേ നടത്തിയിരിക്കുന്നത് ഗുരുതര ആരോപണമാണ്. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ ദേശാഭിമാനി ഓഫീസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം കൈതോലയിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. നിലവിലെ മന്ത്രിസഭയിൽ അംഗമായിരിക്കുന്ന നേതാവും കാറിൽ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.2.35 കോടി രൂപയാണ് കൊണ്ടുപോയത്. 20 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റേയും കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ എന്നും വി.ഡി. സതീശൻ ചോദിച്ചു.