സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും എതിരേ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വേട്ടയാടലിന്റെയും പകപോക്കലിന്റെയും ഞെട്ടിപ്പിക്കുന്ന ചരിത്രമാണ് പുറത്തുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
സോളാര്‍ കേസില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്കിയതിന് അന്നത്തെ സോളാര്‍ അന്വേഷണസംഘം തലവന്‍ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് എഡിജിപി സ്ഥാനത്തുനിന്ന് അപ്രധാനമായ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തേക്കു പിണറായി വിജയന്‍ മാറ്റിയത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹേമചന്ദ്രന്‍ പുറത്തുവിട്ടത്. അദ്ദേഹത്തോട് ഈ വിവരം മുന്‍കൂര്‍ അറിയിക്കാനുള്ള സാമാന്യമര്യാദ പോലും കാട്ടിയില്ല.
അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന നാല് ഡിവൈഎസ്പിമാരെയും അപ്രധാന തസ്തികകളിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഐപിഎസ് വരെ ലഭിച്ച മിടുക്കരായ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. അതൊന്നും പരിഗണിക്കാതെയാണ് ഉമ്മന്‍ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരില്‍ ഇവരുടെ കരിയര്‍ തന്നെ നശിപ്പിക്കാന്‍ പിണറായി തുനിഞ്ഞതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
2016ല്‍ പിണറായി അധികാരമേറ്റ ഉടനേ ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ഒന്നിനു പിറകെ ഒന്നായി മൂന്ന് ഉന്നതസംഘത്തെവച്ചാണ് അന്വേഷിപ്പിച്ചത്. അവര്‍ക്കൊന്നും കണ്ടെത്താനാകാകെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്.
2016ലും 2021ലും പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത് സോളാര്‍ കേസ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു. ലൈഫ് മിഷന്‍ കോഴയിടപാടും പെരിയ ഇരട്ടക്കൊലപാതകവും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സിബിഐ അന്വേഷിക്കാതിരിക്കാന്‍ കോടികള്‍ ചെലവഴിക്കുകയും സിബിഐ അന്വേഷണത്തിനെതിരേ നിയമം പാസാക്കുകയും ചെയ്തവരാണ് സോളാര്‍ കേസില്‍ സിബിഐയുടെ പിറകെ പോയത്.
സോളാര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്ന് നേരത്തെ രൂക്ഷവിമര്‍ശനം ഉണ്ടായിട്ടും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തതിട്ടും പിണറായി വേട്ടയാടല്‍ തുടരുകയാണ് ചെയ്തത്. സോളാര്‍ കമ്മീഷന് 5 കോടി രൂപ നല്കി സൃഷ്ടിച്ച റിപ്പോര്‍ട്ടും വേട്ടയാലിന്റെ ഭാഗമായിരുന്നെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.