X

നന്നാവണം; പൊലീസിനോട് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന പൊലീസ് സേനക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പൊലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത എസ്.പി റാങ്കിനു മുകളിലോട്ടുള്ളവരുടെ അടിയന്തിര യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദാസ്യപ്പണി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ ഇനി പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായാല്‍ മുഖം നോക്കാതെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന ജനാധിപത്യമൂല്യമുള്ള കേരളത്തില്‍ പൊലീസും അത് പിന്തുടരണം. പൊലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. അവരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ചിലരുടെ ഭാഗത്തുനിന്ന് അതില്‍ വീഴ്ചയുണ്ടായി. അത്തരം നടപടികള്‍ അനുവദിക്കാനാകില്ല. ഇത് കേരളമാണെന്ന കാര്യം ഓര്‍ക്കണം. പൊലീസില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സേനയ്ക്ക് മാത്രമല്ല സര്‍ക്കാരിനെയും നാണം കെടുത്തുന്നതാണ്.
ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇപ്പോഴും വര്‍ക്കിങ് അറേഞ്ച്മെന്റ്സ് തുടരുന്നതായാണ് അറിയുന്നത്. ഇത് അനുവദിക്കില്ല. തങ്ങളോടൊപ്പം അനധികൃതമായി പൊലീസുകാരുണ്ടെങ്കില്‍ അവരെ തിരിച്ച് മാതൃ യൂണിറ്റുകളിലേയ്ക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

chandrika: