കൊല്ലം∙ രാഹുൽ ഗാന്ധിയെ ദിവസവും വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെ ഒരിക്കലും പേരെടുത്തു വിമർശിക്കുന്നില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നട്ടാൽ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നത്. പൗരത്വ നിയമത്തിൽ യുഡിഎഫ് എംപിമാർ പ്രതികരിച്ചില്ലെന്നതിനു പുറമെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി മണിപ്പുർ സന്ദർശിച്ചില്ലെന്ന നുണ പറയുന്നത്. 4 സീറ്റുകൾ നേടുക എന്നതിനാണു മോദിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനെക്കാൾ സിപിഎം പ്രാധാന്യം നൽകുന്നത്. ബിജെപിയെ വിമർശിക്കുകയും എന്നാൽ അവരോടു വിധേയപ്പെടുകയും ചെയ്യുകയാണു സിപിഎം എന്നു ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.
‘‘ദേശീയ തലത്തിൽ ബിജെപിയെ താഴെയിറക്കാനുള്ള പോരാട്ടമാണ് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ പറഞ്ഞു, ബിജെപിയെ താഴെയിറക്കണം. ബിജെപിയെ താഴെയിറക്കിയാൽ അവിടെ കയറാൻ രാഹുൽ ഗാന്ധിയേ ഉള്ളൂ. അതെന്താ സമ്മതിക്കാത്തത്? പൗരത്വ സംരക്ഷണ ജാഥയോ സദസോ എല്ലാം ഇവർ നടത്തിയല്ലോ. അവിടെയെല്ലാം എന്താണ് പിണറായി വിജയൻ പറയുന്നത്? ഈ പ്രശ്നത്തിനു പരിഹാരമെന്നു പറയുന്നത്, മോദി അധികാരത്തിൽനിന്നു മാറണം. അതോടെ ഇതെല്ലാം റദ്ദാക്കും. അവിടെ സിപിഎം ചിത്രത്തിലുണ്ടോ?
റിയാസ് മൗലവി കേസിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു കോടതി വരെ സമ്മതിച്ചു. അതിനെ നിസ്സാരമായ, ഒറ്റപ്പെട്ട സംഭവമായി കാണാനാണു പിണറായി ശ്രമിക്കുന്നത്. ബിജെപിക്കാർ പ്രതികളാവുന്ന കേസുകൾക്ക് എന്താണു സംഭവിക്കുന്നത്. കോടിയേരിയെ ആർഎസ്എസുകാർ ബോംബ് എറിഞ്ഞ കേസും കൊടകര കള്ളപ്പണ കേസുമെല്ലാം എന്തായി? അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു സിപിഎം അധഃപതിച്ചു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള ഇടമൊരുക്കുന്ന അപകടകരമായ രാഷ്ട്രീയമാണു സിപിഎം നടത്തുന്നത്.
ഈ തിരഞ്ഞെടുപ്പ് ഒരേസമയം കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ വിലയിരുത്തലാകും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ സുപ്രീം കോടതിയിൽ പോയി തിരിച്ചടി വാങ്ങുകയാണു സംസ്ഥാന സർക്കാർ. ഈ വർഷം കേരളം എങ്ങനെയാണ് അതിജീവിക്കാൻ പോകുന്നത്. ഒരു വർഷമായി ഇന്ധനത്തിനു പ്രത്യേക സെസ് ഏർപ്പെടുത്തിയിട്ടും പെൻഷൻ നൽകാൻ സാധിക്കുന്നില്ല. ശ്രീലങ്കയ്ക്കു സമാനമായ സ്ഥിതിയിലേക്കാണു സംസ്ഥാനം പോകുന്നത്.
400 സീറ്റ് നേടുമെന്ന് വീമ്പിളക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും തികയ്ക്കില്ലെന്ന ബോധ്യം വന്നപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനും കോൺഗ്രസിനെ ആദായനികുതിയുടെ പേരിൽ ആക്രമിക്കാനും തുനിഞ്ഞത്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ ബിഹാർ, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നീ ഇടങ്ങളിൽ നേട്ടമുണ്ടാക്കാൻ ഇത്തവണ സാധിക്കില്ല.
കേരളത്തിലെ വിവിധ സംഘടനകൾ ഓരോ തിരഞ്ഞെടുപ്പിലും വിവിധ മുന്നണികൾക്കു പിന്തുണ പ്രഖ്യാപിക്കാറുണ്ട്. എസ്ഡിപിഐ പിന്തുണയും അതുപോലെയാണ്. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ല. എല്ലാ മുന്നണികളും അതു മാറിമാറി സ്വീകരിക്കുന്നതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.