ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം -ഷാഫി പറമ്പിൽ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.പി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.

എ.ഡി.ജി.പി അജിത് കുമാറിനെയും മുന്‍ എസ്.പി സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അരമന രഹസ്യങ്ങള്‍ പുറത്ത് പറയും എന്ന ഭീഷണിയാണ് ഇതിനു പിന്നിലെന്നും ഷാഫി ആരോപിച്ചു. ‘ഓരോ മണിക്കൂറിലും പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോഴും അജിത്കുമാറിനെയും സുജിത് ദാസിനെയും പോലുള്ള ക്രിമിനല്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണ്. അതിനു കാരണം സ്വര്‍ണവും സംഘ പരിവാറുമാണ്.

മറക്കാന്‍ ഒരുപാടുള്ളതുകൊണ്ടും അരമന രഹസ്യം അറിയാവുന്ന ആളുകളുമായതുകൊണ്ടുമാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും ഇവരെ കേരളത്തിന്റെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ, തൃശൂര്‍ പൂരം കലക്കുന്നതിന് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയ അജിത്കുമാറിനെ മുഖ്യമന്ത്രിക്ക് പേടിയാണ്’ -ഫാഷി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല, പിണറായിക്കാണ്. ഇ.പിക്ക് നല്‍കാത്ത സംരക്ഷണം അജിത് കുമാറിന് നല്‍കുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി, പൊലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും വിമര്‍ശിച്ചു.

webdesk13:
whatsapp
line