കെ റെയില്‍ പദ്ധതിക്കായി പഠനത്തിനെന്നുപറഞ്ഞ് നാടുമുഴുക്കെ കല്ലിട്ട് പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതവും ജീവനുംവരെ കവരാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാരിപ്പോള്‍. അയ്യായിരം കുടുംബങ്ങളെ അവരുടെ നിലവിലെ വാസ ഇടങ്ങളില്‍നിന്ന് ഒഴിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീടത് പതിനായിരത്തിലെത്തിയിരിക്കുകയാണ്. ചങ്ങനാശേരിയിലും കല്ലായിയിലും കോട്ടയത്തും ആലുവയിലുമെല്ലാം കഴിഞ്ഞദിവസങ്ങളില്‍ കണ്ട ജനകീയ ചെറുത്തുനില്‍പുകള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന് ഇനിയും ഈ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകാനാകില്ലെന്നാണ്. കുട്ടിക്കുരങ്ങന്മാരെകൊണ്ട് ചൂടുചോറ് വാരിക്കുന്നതുപോലെയാണ് സര്‍ക്കാരിലെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഇപ്പോള്‍ കെ റെയില്‍ ഉദ്യോഗസ്ഥരെയും പൊലീസിനെയുംകൊണ്ട് നാടുനീളെ കല്ലിടീല്‍ നടത്തുന്നത്. സമരം തീക്ഷ്ണമാകുന്നതോടൊപ്പം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് തെളിയിക്കുന്നത് ഇതൊരു ജനാധിപത്യ സര്‍ക്കാരല്ലെന്നാണ്. പശ്ചിമബംഗാളിലെ പഴയ ബുദ്ധദേവ് ഭട്ടാചാര്‍ജി സര്‍ക്കാരിന്റെ പ്രേതമാണ് പിണറായി വിജയനില്‍ ഇതുമായി ബന്ധപ്പെട്ട് ആശ്ലേഷിച്ചതെന്നാണ് ജനമിപ്പോള്‍ സംശയിക്കുന്നത്. പിഞ്ചുകുട്ടികളെപോലും പൊലീസിനെകൊണ്ട് പീഡിപ്പിക്കുകയും വീട്ടമ്മമാരെ വഴിയിലൂടെ വലിച്ചിഴക്കുകയും കണ്ണില്‍കണ്ടവര്‍ക്കെതിരെയെല്ലാം കേസെടുത്ത് അറസ്റ്റ്‌ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരും ചെയ്യുന്നത് നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും തനിയാവര്‍ത്തനമാണെന്ന് തിരിച്ചറിയാന്‍ അധികാരത്തിന്റെ പ്രമത്തത ബാധിക്കാത്തവര്‍ക്കെല്ലാം കഴിയുന്നുണ്ട്. ‘ഗ്വാഗ്വാ വിളിച്ചാല്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് വിചാരിക്കരുതെ’ന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന തെളിയിക്കുന്നത് കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ഏകപ്രശ്‌നം യാത്രാതടസ്സമാണെന്നാണ്. ജനങ്ങളുടെ തൊഴിലില്ലായ്മയും കടക്കെണിയും കാണാന്‍ കണ്ണില്ലാതെയാണ് അവരുടെ നെഞ്ചത്തൂടെയുള്ള ഈ കല്ലിടീല്‍.
ഒരേസമയം സര്‍ക്കാരും മുഖ്യമന്ത്രിയടക്കമുള്ളവരും ജനങ്ങളുടെമേല്‍ കുതിരകയറുമ്പോള്‍ കെ റെയില്‍ അധികൃതര്‍ പറയുന്നത് സമന്വയത്തിന്റെ പാതയിലൂടെയേ ഭൂമി ഏറ്റെടുക്കൂ എന്നാണ്. 65000 കോടി രൂപ ആദ്യം നിശ്ചയിച്ച പദ്ധതി 2 ലക്ഷം കോടിയിലേക്ക് എത്തിയതോടെ പിന്മാറുമെന്ന് കരുതിയെങ്കില്‍ എത്ര കടക്കെണിയിലായാലും സര്‍ക്കാരും സി.പി.എമ്മും വെച്ച കാല്‍ പിറകോട്ടു വലിക്കില്ലെന്ന വാശിയിലാണ്. ഇത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അന്ത്യത്തിനേ വഴിവെക്കൂ. ഏതൊരു ജനകീയ സമരവും ലോകത്ത് വിജയിച്ചിട്ടുള്ളൂവെന്നാണ് ചരിത്രം. ലോക ഭീമനായ കൊക്കകോളയെ കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ളവര്‍ക്ക് സാധിച്ച ചരിത്രമുണ്ട് കേരളത്തിന്. അതേസമയം പശ്ചിമബംഗാളില്‍ മലേഷ്യയിലെ സലിം ഗ്രൂപ്പിനും ടാറ്റായ്ക്കും യഥാക്രമം രാസവള ഫാക്ടറിക്കും കാര്‍ നിര്‍മാണത്തിനുമായി ഏറ്റെടുക്കാനായി കര്‍ഷകരെ വെടിവെച്ചുകൊന്നിട്ടുപോലും സി.പി.എം സര്‍ക്കാരിന് ബംഗാളില്‍ പദ്ധതികളുമായി ഒരിഞ്ചുപോലും മുന്നോട്ടുപോകാനായില്ലെന്നതും ആരും മറന്നിട്ടില്ല. അതിന്റെ പരിണതി പദ്ധതികള്‍ നിര്‍ത്തിവെക്കുകമാത്രമല്ല, മൂന്നര പതിറ്റാണ്ട് കാലത്തെ ഇന്ത്യയിലെ ചരിത്ര ഭരണം കുറിച്ച സര്‍ക്കാരിന് സംസ്ഥാനത്തും ത്രിപുരയിലും നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തേണ്ടിവന്നുവെന്നതും പിണറായിയും കൂട്ടരും മറക്കരുത്.
ജനത്തിന് വേണ്ടാത്ത, അവരുടെ ഭൂമി പിടിച്ചെടുക്കുന്ന പദ്ധതി എന്തു വികസനത്തിന്റെ പേരിലാണെങ്കിലും നടപ്പാക്കുമെന്ന് പറയുന്നവര്‍ പിണറായിയുടെ തന്നെ മുമ്പത്തെ പ്രസ്താവന ഒന്നു കേട്ടുനോക്കണം. ജനങ്ങളെ ഒഴിപ്പിച്ച് നടത്തുന്ന വികസനത്തെ കല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നായിരുന്നു പിണറായി വിജയനെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. എല്‍.എന്‍.ജി വാതകക്കുഴലിടാന്‍ വേണ്ടിയും ദേശീയ പാതാ വീതികൂട്ടലിനുവേണ്ടിയും ഭൂമി ഏറ്റെടുത്ത് വിജയിപ്പിച്ചതുപോലെ കെ റെയിലിനും ഭൂമി പിടിച്ചെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഭാവമെങ്കില്‍ അവ മൂന്നും മൂന്നാണെന്ന് തിരിച്ചറിയാത്തതാണ് അദ്ദേഹത്തിന്റെ കുഴപ്പം. വാതക പൈപ്പ് ലൈനിന് കുഴലിട്ടത് പുരയിടങ്ങളിലെയും കൃഷിഭൂമിയിലെയും മണ്ണിനടിയിലൂടെയായിരുന്നു. അതിന് മുകളില്‍ കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയും. ദേശീയ പാതക്കുള്ള ഭൂമിയുടെ കാര്യത്തിലും ഒടുവില്‍ ജനം വഴങ്ങിയതിന് കാരണം നിലവിലെ പാതയുടെ അരികിലെ ഭൂമിയാണെന്നതിനാലാണ്. എന്നാല്‍ ഇവിടെ കെ റെയിലിന് ഭൂമി പിടിച്ചെടുക്കുന്നത് നിറയെ ആളുകള്‍ കൂട്ടത്തോടെ താമസിക്കുന്ന വാസ ഇടങ്ങളിലാണ്. കല്ലിടുന്നത് വീടുകളുടെ മുറ്റംമുതല്‍ അടുക്കളവരെയും. ഇതിന് സമീപത്തെ പത്തു മീറ്ററില്‍ പുതുതായി യാതൊരു കെട്ടിട നിര്‍മാണവും പാടില്ലെന്ന് പറയുന്ന കെ റെയിലിനെ തള്ളുന്ന മന്ത്രി സജിചെറിയാന്‍ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരെ കളിയാക്കുകയാണ്. സി.പി. എമ്മിനും ഇടതുമുന്നണിക്കും ഭക്ഷ്യകിറ്റിന്റെയും പെന്‍ഷന്റെയും മറ്റും പേരു പറഞ്ഞ് വോട്ടു നല്‍കിയവര്‍ ഇന്ന് അലറി നിലവിളിക്കുകയാണ്. തലമുറകളുടെ അധ്വാനത്തിന്റെ ബാക്കിപത്രമായ കുടുംബങ്ങളിലെ അമൂല്യമായ സ്ഥലം എത്രകാശ് കിട്ടിയാലും കൈമാറാന്‍ ആരാണ് തയ്യാറാകുക. ഇവരെയാണ് തീവ്രവാദികളെന്ന് മന്ത്രി സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. ഇത് നന്ദിഗ്രാമിലെ സി.പി.എമ്മിന്റെ അതേഭാഷയാണ്, അതേ വങ്കത്തരവും!