X

തനിക്കെതിരായ സംശയം ബലപ്പെടുത്തി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

കെ.പി. ജലീൽ

ആർ.എസ്.എസ്സും ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നന്താണ് നീണ്ട മൗനത്തിന് ശേഷം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം. ആർ.എസ്. എസ് നേതാക്കളുമായി തൻ്റെ വിശ്വസ്ഥനായ എ.ഡി.ജി.പി ചർച്ച നടത്തിയെന്നതാണ് പിണറായി വിജയനെ സംശയനിഴലിലാഴ്ത്തിയിരുന്നത്. ഇതിന് തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയും കൂട്ടുനിന്നു എന്നായിരുന്നു ആരോപണം.

പ്രതിപക്ഷ നേതാവാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഇടതുപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ ഇരുവരുടെയും വഴിവിട്ട ഇടപാടുകൾക്കെതിരെയാണ് പരസ്യമായി പ്രതികരിച്ചത്. എന്നാൽ ഇനിയും ഇതിന്മേൽ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തൻ്റെ കൈകളും ശുദ്ധമല്ലെന്ന സംശയത്തെ ബലപ്പെടുത്തിയിരിക്കയാണ്.

അന്വേഷ്ണമില്ലാതെ നടപടിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൊഞ്ഞനം കുത്തുകയാണ് ശശിക്കെതിരെ അന്വേഷണമേ ഇല്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. പൂരം അലങ്കോലപ്പെടുത്തി ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ അവസരമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തെക്കുറിച്ച് അഞ്ചുമാസം കഴിഞ്ഞ് മുഖ്യമന്ത്രി പറയുന്നത് അടുത്തയാഴ്ച റിപ്പോർട്ട് കിട്ടുമെന്നാണ്.

ഇതൊക്കെയാണ് പിണറായി എന്തെല്ലാമോ ഒളിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുളവാക്കിയിരിക്കുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ തന്നെ ആശയക്കുഴപ്പം വർധിപ്പിക്കുന്നതായി ഇന്നത്തെ പിണറായിയുടെ വാർത്താ സമ്മേളനം . സി.പി.ഐ , ആർ.ജെ.ഡി തുടങ്ങിയ ഘടക കക്ഷികൾ എന്ത് പ്രതികരിക്കുമെന്നാണ് കേരളം ഇനി കാത്തിരിക്കുന്നത്.

webdesk13: