തിരുവനന്തപുരം: രാമായണ മാസത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടിയെന്ന് മന്ത്രി ജി. സുധാകരന്‍. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്നും കള്ളപ്രചാരണവും വ്യക്തിഹത്യയും നടത്തി സര്‍ക്കാറിനെ താഴെയിറക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമായണ മാസത്തെ രാക്ഷസീയമായ ചിന്തകള്‍ ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തേയും പരിശുദ്ധമാക്കേണ്ട മാസമായിട്ടാണ് മലയാളികള്‍ കാണുന്നത്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം യു.ഡി.എഫും ബി.ജെ.പിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നത്. ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്- സുധാകരന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല എന്ന് മന്ത്രി അവകാശപ്പെട്ടു. സ്വര്‍ണക്കടത്തില്‍ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്നയുമായുള്ള സൗഹൃദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധതി കരാറുകരാനില്‍നിന്ന് സ്വപ്ന പണം വാങ്ങിയതിന് തങ്ങള്‍ എന്ത് പിഴച്ചു? ശിവശങ്കര്‍ ഒരു വിശ്വാസവഞ്ചകനാണ്. ഭരണഘടനാപരമായി അയാള്‍ ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്പെന്‍ഡ് ചെയ്തത്- ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.