കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കൈയേറ്റവും നടന്നിട്ടുണ്ടെന്ന ആലപ്പുഴ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും കൊച്ചിയിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെയോ സ്ഥാപനത്തിന്റെയോ വാദങ്ങള്‍ കേള്‍ക്കാതെയാണു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കായല്‍ കൈയേറിയിട്ടില്ല. മണ്ണിട്ടു നികത്തിയതു കരഭൂമി മാത്രമാണ്. മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലമാണു തനിക്കുള്ളത്. അതില്‍ ഒരേക്കറില്‍ മാത്രമേ നിര്‍മാണം നടത്തിയിട്ടുള്ളൂ. കരഭൂമിയുടെ തീറാധാരമുള്ള ഭൂമി വാങ്ങിയതു പാടശേഖര കമ്മിറ്റിയില്‍ നിന്നാണ്. ഒരു സെന്റ് പോലും ഭൂമി കൈയേറിയെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നിലനില്‍ക്കാത്ത ആരോപണങ്ങളുടെ പേരില്‍ രാജിവെയ്ക്കാനുമില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതു പാര്‍ട്ടിക്കുള്ളിലോ മുന്നണിക്കുള്ളിലോ അല്ല നടന്നത്. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉയര്‍ന്നിരിക്കുന്ന സ്ഥലത്തു നടപ്പാത സര്‍ക്കാര്‍ കാണിച്ചു തന്നാല്‍ മണ്ണു മാറ്റി നല്‍കാന്‍ ഒരുക്കമാണ്. അവിടെ താന്‍ മണ്ണിട്ടില്ലായിരുന്നുവെങ്കില്‍ ചാല്‍ രൂപപ്പെടുമായിരുന്നു. ഇത്തരം നിസാര ആരോപണങ്ങളുടെ പേരില്‍ രാജിവക്കേണ്ട സാഹചര്യമില്ല. 110 മീറ്റര്‍ സ്ഥലത്തു മണ്ണിട്ടതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. കുഴിയായിരുന്ന സ്ഥലത്തു മണ്ണിട്ടതാണോ കുഴപ്പം. സര്‍ക്കാര്‍ നടപ്പാത കണ്ടെത്തി കല്ലിട്ടു തന്നാല്‍ മണ്ണു മാറ്റാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. മണ്ണിട്ട ശേഷം ഇതുവരെ അവിടെ പോയിട്ടില്ല. മണ്ണിട്ടു നികത്തിയെന്നുള്ള കാര്യം സമ്മതിക്കുന്നു. ടൂറിസ്റ്റുകള്‍ നിരവധി വരുന്നതു കൊണ്ടും പ്രദേശത്തെുള്ളവര്‍ക്കു നടക്കാനുള്ള സഹായം എന്ന നിലയിലുമാണ് അത് ചെയ്തത്. അതിനെപ്രതി ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ നിസാരമായി കാണുന്നു. കെട്ടിടത്തിന്റെ അനുമതി സംബന്ധിച്ച ആരോപണങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മന്ത്രിയുടെ നിയമലംഘനം വന്‍ വിവാദമായി തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചില്ല. രാജി ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെ എല്‍.ഡി.എഫിനുള്ളില്‍ രാജിക്കായി സമ്മര്‍ദ്ദമേറിയിട്ടുണ്ട്.
തോമസ്ചാണ്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിണറായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോഴും തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടിലാണെന്ന് വ്യക്തം.