കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ രാഹുൽ വിമർശിച്ചത്.
വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്താൽ വിരണ്ട് പോകുന്നവരല്ല കോൺഗ്രസുകാരെന്നും രാഹുൽ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അടിമാലിയിൽ കാട്ടാന ആക്രമണത്തിൽ ഇന്ദിര എന്ന 74കാരി കൊല്ലപ്പെട്ട സംഭവത്തിനെതിരെ കോതമംഗലം നഗരത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മൃതദേഹവുമായാണ് പ്രതിഷേധിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം മോർച്ചറിയിൽ പ്രവേശിച്ച ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എം.എൽ.എ, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുംറം എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെത്തിച്ച് കൊച്ചി- ധനുഷ്കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയശേഷം മതി പോസ്റ്റ്മോർട്ടമെന്ന് ഇന്ദിരയുടെ കുടുംബവും അറിയിച്ചു. പൊലീസും നേതാക്കളും തമ്മിൽ വാക്തർക്കമുണ്ടായി. ഇൻക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഡിവൈ.എസ്.പിയെ പിടിച്ചുതള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കുപറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയശേഷമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു യു.ഡി.എഫ് നേതാക്കൾ.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച പൊലീസ് കൂട്ടമായി എത്തി മൃതദേഹം വെച്ച ഭാഗം വളഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി അടക്കം ജനപ്രതിനിധികളെ ബലം പ്രയോഗിച്ച് നീക്കി. സമരപ്പന്തൽ പൊളിച്ചുനീക്കി. മൃതദേഹം നഗരത്തിലൂടെ സ്ട്രെച്ചറിൽ വലിച്ച് ബസ് സ്റ്റാൻഡിനടുത്ത് എത്തിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടന്നു.
ഡീൻ കുര്യാക്കോസ് എം.പി, മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ് എന്നിവർക്ക് പൊലീസ് നടപടിക്കിടെ പരിക്കേറ്റു. യു.ഡി.എഫ് എം.എൽ.എമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ കോതമംഗലം ഗാന്ധി സ്ക്വയറിൽ ഉപവാസം ആരംഭിച്ചു. ഇതിനിടെയാണ് മാത്യു കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.