സിപിഎം ജില്ലാക്കമ്മിറ്റികള്‍ പിണറായി വിജയന്‍- റിയാസ് പക്ഷം കീഴടക്കി

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോള്‍ സിപിഎമ്മില്‍ പ്രകടമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍- മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് പക്ഷത്തിന്റെ അപ്രമാദിത്വം. പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ട ഒഴികയെുള്ളവര്‍ പിണറായി റിയാസ് പക്ഷത്തിന്റെ വിശ്വസ്തരാണ്. ജില്ലാസമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ വിമര്‍ശനം ഉണ്ടാകും എന്നായിരുന്നു. എന്നാല്‍ കോട്ടയം മുതല്‍ സമ്മേളനത്തിന്റെ രീതി മാറി. മുഖ്യമന്ത്രി നേരിട്ട് വന്നതോടെ പ്രതിനിധികളുടെ പോരാട്ട വീര്യവും കുറഞ്ഞു. ഇതില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. എന്തായാലും വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള തിരുത്തലിന് സിപിഎം എന്തു ചെയ്യും എന്നറിയാന്‍ സംസ്ഥാന സമ്മേളനം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 9 വരെ കാത്തിരിക്കണം.

സിപിഎം സമ്മേളനക്കാലത്തേക്ക് കടക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ വിമര്‍ശനം ഉണ്ടാകും എന്നായിരുന്നു. ആദ്യം നടന്ന ചില ജില്ലാ സമ്മേളനങ്ങളില്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കും വിധിം വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ശൈലിയിലായിരുന്നു വിമര്‍ശനം. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും ഇതേരീതിയില്‍ ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ ഉണ്ടായി.

എന്നാല്‍ കോട്ടയം മുതല്‍ സമ്മേളനത്തിന്റെ രീതി മാറി. പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശനങ്ങളുടെ അപകടം മനസിലാക്കി സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങി. അഞ്ച് ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം നടന്നതെല്ലാം പിണറായിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍. പരമാവധി മുഴുവന്‍ സമയവും മുഖ്യമന്ത്രി സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇതോടെ വിമര്‍ശനങ്ങള്‍ കുറഞ്ഞു. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കാന്‍ ഭയന്ന് പ്രതിനിധികള്‍ പിന്മാറി എന്ന് പറയാം.

തൃശൂര്‍ ജില്ലാ സമ്മേളനം കൂടി പൂര്‍ത്തിയായതോടെ ഒരു കാര്യം വ്യക്തമാണ്. പിണറായി വിജയന്റെ അപ്രമാദിത്വം പാര്‍ട്ടിയില്‍ വ്യക്തം. പലയിടങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വരെ അപ്രസക്തനാക്കി മുഖ്യമന്ത്രി. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാര്‍ വന്നു. വയനാട്ടില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയത് അപ്രതീക്ഷിതമായിരുന്നു. സമ്മേളനകാലത്തെ ഏക അട്ടിമറിയും ഇതായിരുന്നു. പി ഗഗാറിന്‍ വീണ്ടും സെക്രട്ടറിയാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ ജില്ലാകമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഗഗാറിനെ തള്ളി കെ. റഫീഖിനെ പിന്തുണച്ചു. ഇതോടെ ഗഗാറിന്‍ തെറിച്ചു.

വയനാടിന് പുറമേ കാസര്‍കോട്, കോഴിക്കോട് മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാര്‍ വന്നു. കോഴിക്കോട് ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസ് പിടിമുറുക്കി എന്നതാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴുള്ള പ്രധാന കാര്യം. നിലവിലെ സെക്രട്ടറി പി മോഹനന് പകരം കെ കെ ലതിക സെക്രട്ടറി സ്ഥാനത്ത് എത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സെക്രട്ടറിയായത് റിയാസിന്റെ അടുപ്പക്കാര്‍ മെഹബൂബും. ഇതിന് എല്ലാ പിന്തുണയും ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. സംസ്ഥാനസമ്മേളനം മാര്‍ച്ച് ആറുമുതല്‍ ഒന്‍പതുവരെ കൊല്ലത്താണ് നടക്കുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയതിനാല്‍ സംസ്ഥാന സമ്മേളനം പിണറായിക്ക് അനായാസമാകും എന്ന് ഉറപ്പാണ്. പേരിന് ചില വിമര്‍ശനങ്ങള്‍ വന്നാല്‍ വന്നു എന്നതാണ് സ്ഥിതി.

webdesk13:
whatsapp
line