X

കെ.എസ്.ആര്‍.ടി.സി കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് ഹാരിസ് ബീരാനെ മാറ്റി

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ ഹാരിസ് ബീരാനെ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാരിസ് ബീരാനെ മാറ്റിയതെന്നാണ് സൂചന. ഹൈക്കോടതിയിലെ സ്റ്റാന്റിംങ് കൗണ്‍സിലിനെ മാറ്റാനും തീരുമാനമായിട്ടുണ്ട്. കേസുകളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിച്ചിരുന്നത് ഹാരിസ് ബീരാനാണ്. എന്നാല്‍ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ ടി.പി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചതോടുകൂടിയാണ് ഹാരിസിനെ മാറ്റാന്‍ തീരുമാനമായത്. സര്‍ക്കാരിന് പ്രതികൂലമായിരുന്നു സെന്‍കുമാര്‍ കേസിലെ വിധി. മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച കത്ത് ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറി. വി. ഗിരിയെ പുതിയ അഭിഭാഷകനായി നിയമിക്കും.

മൂന്നുമാസത്തിനിടെ 13 കേസുകളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയിലെ സ്റ്റാന്റിംങ് കൗണ്‍സില്‍ ജോണ്‍ മാത്യുവിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. എന്‍.സി.പി നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ മൂന്നുമാസം മുമ്പായിരുന്നു ജോണ്‍മാത്യുവിന്റെ നിയമനം.

chandrika: