X

പിണറായിയുടെ വര്‍ഗീയ മതില്‍ പണിയണമെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ട, പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വനിത മതില്‍ തികച്ചും രാഷ്ട്രീയ പരിപാടിയാണെന്നും ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വനിത മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കാനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് അധികാര ദുര്‍ വിനിയോഗമാണ്.

സി പി എമ്മിനോ, എല്‍ ഡി എഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് വേണം. ഇത് വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. പതിനായിരം രൂപ പോലും ഇതുവരെ എല്ലാവര്‍ക്കും നല്‍കിയിട്ടില്ല. സാരോപദേശം മാത്രമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നത്. പ്രളയബാധിത പ്രദേശങ്ങള്‍ 19 ാം തിയതി മുതല്‍ ജനുവരി നാലുവരെ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ 99 ശതമാനം പണികളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും മേനി നടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണെന്നും ചെന്നിത്തല പറഞ്ഞു.

chandrika: