X

സിനിമാ സമരം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. എക്‌സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടുചര്‍ച്ച നടത്തി. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ലിബര്‍ട്ടിബഷീര്‍ പറഞ്ഞു.

തിയേറ്ററുകള്‍ അടച്ചിടാന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി മുന്നേട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഈ മാസം പത്താംതീയതി നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം തുടങ്ങിയത്. ഇതിനോട് നിര്‍മാതാക്കള്‍ പ്രതികൂല നിലപാട് സ്വീകരിച്ചതോടെ സിനിമാ സമരം പൂര്‍ണമായി. ഇതോടെ ക്രിസ്മസ് ചിത്രങ്ങള്‍ പെട്ടിയില്‍ തന്നെ കിടക്കുകയാണ്.

50:50 എന്ന അനുപാദത്തില്‍ വരുമാനം പങ്കുവെക്കണമെന്നാണ് തിയേറ്റര്‍ ഉടകളുടെ ആവശ്യം. നേരത്തെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പിന്നീട് ഒരു ചര്‍ച്ചയും നടന്നിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നോക്കിനില്‍ക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

chandrika: