തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.
മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുന്നാക്ക സംവരണം നടപ്പാവാന്‍ ഇനി വിജ്ഞാപനം കൂടി മതി.
മന്ത്രിസഭാ യോഗം കൈക്കൊണ്ട മറ്റൊരു തീരുമാനം സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ളതാണ്. നിലവിലെ നിയമത്തില്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിക്ക് വ്യവസ്ഥയില്ലായിരുന്നു. സിനിമാ പ്രവര്‍ത്തക ഭാഗ്യലക്ഷമിയെ അധിക്ഷേപിച്ചതടക്കം സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. അധ്യാപകരുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.