X

‘ഈ നുണ പ്രചാരണം കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍’; നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പോലീസിന് പരാതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത് വന്നത്.

ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.

chandrika: