X

ഫയലനക്കമില്ല; മോശം പ്രകടനം മുഖ്യമന്ത്രിയുടെ വകുപ്പില്‍

സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്‌കാരികം, പാര്‍ലമെന്ററി കാര്യ വകുപ്പുകളും ഫയലുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ പിന്നിലാണ്. ഫയല്‍നീക്കം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് പൊതുഭരണവകുപ്പ് സീക്രട്ട് സെക്ഷന്‍ എല്ലാവകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിസംബറിലെയും ജനുവരിയിലെയും കണക്കുകള്‍ നല്‍കാനായിരുന്നു നിര്‍ദേശം. ഇതിന് വകുപ്പുകള്‍ നല്‍കിയ കണക്കുകളാണ് ഫയല്‍നീക്കത്തിന്റെ മെല്ലപ്പോക്ക് വ്യക്തമാക്കുന്നത്.
ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ നോര്‍ക്ക വകുപ്പാണ്. ജനുവരിയില്‍ വന്ന 1800 ഫയലുകളില്‍ നോര്‍ക്ക തീര്‍പ്പാക്കിയത് മൂന്നു ശതമാനം (70 എണ്ണം) മാത്രമാണ്. ഡിസംബറിലും ഇതുതന്നെയാണ് സ്ഥിതി. ഏറ്റവും കൂടുതല്‍ ഫയലുകള്‍ വരുന്ന റവന്യൂവകുപ്പിലും ഫയല്‍നീക്കം മന്ദഗതിയിലാണ്.
ജനുവരിയില്‍ മൊത്തം 3020 ഫയലുകള്‍ എത്തിയപ്പോള്‍ തീര്‍പ്പാക്കിയത് 1808 എണ്ണം മാത്രം. 1212 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഫിഷറീസ് പോര്‍ട്ട് വകുപ്പില്‍ ജനുവരിയില്‍ എത്തിയത് 911 ഫയലുകളാണ്. ഇതില്‍ തീര്‍പ്പാക്കിയത് 118 എണ്ണം മാത്രം. ധനകാര്യവകുപ്പിലെ ഫയല്‍നീക്കവും വ്യത്യസ്തമല്ല. ജനുവരിയില്‍ 8147 ഫയലുകള്‍ പരിഗണനക്ക് വന്നപ്പോള്‍ 3033 എണ്ണം തീര്‍പ്പായി. 3682 ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്.
പൊതുഭരണവകുപ്പിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനും എംപ്ലോയി സെല്ലുമാണ് ഫയല്‍നീക്കത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജനുവരിയില്‍ എത്തിയ എല്ലാ ഫയലുകളും ഈ വകുപ്പുകള്‍ ആ മാസം തന്നെ തീര്‍പ്പാക്കി. പട്ടികജാതി വികസന വകുപ്പും തദ്ദേശഭരണ വകുപ്പും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഈ വകുപ്പുകളില്‍ തീര്‍പ്പാക്കിയത് യഥാക്രമം 88ഉം 76.91ഉം ശതമാനം ഫയലുകളാണ്. നിയമവകുപ്പ് കണക്കുകള്‍ നല്‍കാതെ മികച്ച പ്രകടനം നടത്തിയെന്ന് അവകാശപ്പെടുക മാത്രമാണ് ചെയ്തത്. ഊര്‍ജവകുപ്പും പൊതുമരാമത്ത് വകുപ്പും ഫയല്‍ നീക്കത്തെക്കുറിച്ച് യാതൊന്നും മിണ്ടുന്നില്ല.
മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്. മന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുകയാണ്. ചെറിയ സംശയമുള്ള ഫയലുകള്‍ പോലും വ്യക്തത വരുത്താനായി തിരിച്ചയക്കുന്ന സ്ഥിതിയുണ്ട്. ഇത് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാലവിളംബമുണ്ടാക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെയാണ് ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നിലെന്നതും ഞെട്ടിപ്പിക്കുന്നതാണ്.

chandrika: